എണ്ണൂറാം വയൽ എൽ.പി സ്കൂളിൽ താരമായി 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ'
text_fieldsറാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിലെ താരം 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ'. വിദ്യാലയത്തിലെത്തിയ കുരുന്നുകളെ വരവേൽക്കാൻ എത്തിയ വിശിഷ്ടാതിഥി കുട്ടികളെ അത്ഭുത പരതന്ത്രരാക്കി. വിദ്യാലയ കവാടത്തിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെന്ന ഓമനപ്പേര് നൽകിയ റോബോട്ട് കുട്ടികളെ പേരുവിളിച്ച് വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.
ഇരിപ്പിടങ്ങളിൽ കുട്ടികൾക്കരികിലെത്തി കോവിഡ് കാലത്ത് പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഓരോരുത്തർക്കും പറഞ്ഞു കൊടുത്തു. റോബോട്ട് പാട്ടും നൃത്തവുമൊക്കെയായി കൂടെക്കൂടിയപ്പോൾ കുട്ടികളും കൂടെ കൂടി. മാതാ പിതാക്കളെ കൂട്ടി കൊച്ചുകുട്ടികളും റോബോട്ടിനൊപ്പം ഫോട്ടോയെടുത്തു. റോബോട്ടിനോട് ചോദ്യങ്ങൾ ചോദിക്കുവാനും കുട്ടികൾ മത്സരിച്ചു.
പേര്, വയസ്സ്, അറിയാവുന്ന പാട്ടുകൾ, കൂട്ടുകാർ തുടങ്ങിയ ചോദ്യങ്ങൾക്കും കുട്ടികളുടെ കുസൃതി ചോദ്യങ്ങൾക്കും ഉരുളയ്ക്കുപ്പേരി പോലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ മറുപടി നൽകി. രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ നൽകുവാനും റോബോട്ട് മറന്നില്ല.
പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ സോജി വി. ജോൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. രാജൻ, രാജി വിജയകുമാർ, എം.ജെ ജിനു, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, ഡോ. മനു എം. വർഗീസ്, പി.ടി.എ പ്രസിഡൻറ് ഷൈനു ചാക്കോ, എം.പി.ടി.എ പ്രസിഡൻറ് ഷൈനി ബോസ്, പി.ടി. മാത്യു, ഇ.ജെ. മത്തായി, എം.എം. ജോൺ, ദീപ എസ്, ബിബിൻ എം.ജെ, അഞ്ജന സാറാ ജോൺ എന്നിവർ സംസാരിച്ചു.
തൃശൂരിലെ ഇൻകർ റോബോട്ടിക്സ് സൊലൂഷൻസ് ആണ് സ്കൂളിൽ റോബോട്ടിനെ എത്തിച്ചതെന്ന് പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു. കോവിഡ് സുരക്ഷയുടെ ഭാഗമായി കുട്ടികൾക്ക് മെഡിക്കൽ സഹായം, കൗൺസലിങ് നൽകാൻ ഡോ. മനു എം. വർഗീസിെൻറ നേതൃത്വത്തിൽ ബി.എം.സി ആശുപത്രിയുടെ സഹകരണത്തോടെ പ്രത്യേക മെഡിക്കൽ കെയർ യൂനിറ്റും സ്കൂളിൽ ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.