പരിസ്ഥിതിലോല മേഖല: മലയോരം വീണ്ടും ആശങ്കയിൽ
text_fieldsറാന്നി: പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിന് നടപടികൾ പുരോഗമിക്കവെ ജില്ലയിലെ മലയോര മേഖല വീണ്ടും ആശങ്കയിൽ. ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലകളിൽനിന്ന് അടിയന്തരമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള സമരപരിപാടികൾ വീണ്ടും ശക്തമാകുന്നു.
കൊല്ലമുള, വടശ്ശേരിക്കര വില്ലേജുകളിലാണ് ജനകീയ പ്രതിഷേധം ശക്തമാകുന്നത്. മുമ്പ് ഇതേ വിഷയത്തിൽ പ്രദേശവാസികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്നീട് തീരുമാനങ്ങൾ വൈകിപ്പിച്ചിരിക്കുകയായിരുന്നു. ജനപ്രതിനിധികൾ, സംസ്ഥാന സർക്കാർ എന്നിവരിൽനിന്നും ലഭിച്ച ഉറപ്പിന്മേൽ പ്രദേശത്തെ ഒഴിവാക്കുമെന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നതെങ്കിലും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരടു പട്ടികയിൽ കൊല്ലമുളയും വടശ്ശേരിക്കരയും ഉൾപ്പെടെ നിലനിൽക്കുകയാണ്.
ഇതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നത്. പരിസ്ഥിതി ലോല മേഖലയിൽ താമസിക്കുന്നതിന് തടസ്സമില്ലെങ്കിലും കടുത്ത നിയന്ത്രണമുണ്ടാവുമെന്നതാണ് ആശങ്ക. ഇതുമായി ബന്ധപ്പെട്ട് ജൂൺ 30 വരെ ആക്ഷേപങ്ങൾ സ്വീകരിക്കും.
തുടർന്നാണ് അന്തിമ വിജ്ഞാപനമുണ്ടാവുക. മുമ്പ് വടശ്ശേരിക്കര, കൊല്ലമുള വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
കൊല്ലമുള വില്ലേജിനെ വീണ്ടും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക യിൽ ഉൾപ്പെടുത്തുന്നതിൽ വെച്ചൂച്ചിറയിൽ ചേർന്ന സർവകക്ഷി യോഗം പ്രതിഷേധിച്ചു. സമരത്തിന് രൂപം നൽകുന്നതിന് ജനാഭിപ്രായം തേടുന്നതിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും യോഗം ചേർന്ന് സമരസമിതിക്ക് രൂപം നൽകും.
വെച്ചൂച്ചിറ പഞ്ചായത്തിലെ 10 വാർഡും പെരുനാട് പഞ്ചായത്തിലെ നാല് വാർഡും നാറാണംമൂഴിയിലെ ഒരു വാർഡുമാണ് കൊല്ലമുള വില്ലേജിന്റെ പരിധിയിലുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണൻ എം.എൽ.എ, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, കിഫ ജില്ല പ്രസിഡന്റ് ജോളി കാലായിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് കെ. പണിക്കർ പഞ്ചായത്ത് അംഗങ്ങൾ, വൈദികർ, കർഷക സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
കൊല്ലമുള: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ്-എം റാന്നി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രമോദ് നാരായൺ എം.എൽ.എ യോഗം ഉദ്ഘടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ അധ്യക്ഷത വഹിച്ചു. ജോർജ് എബ്രഹാം, മനോജ് മാത്യു, ഷെറി തോമസ്, റിന്റോ തോപ്പിൽ, ബിബിൻ കല്ലമ്പറമ്പിൽ, ബഹനാൻ ജോസഫ്, ജോസ് പുത്തേറ്റ്, ചെറിയാൻ മണ്ഡകത്തിൽ, സാബു കുറ്റിയിൽ, ജോസ് പാതമങ്കൽ, ടോമി പാറകുളങ്ങര, റോസമ്മ സക്കറിയ, രാജീവ് പമ്പാവാലി, എൻ. എസ്. ശോഭന, അനീന സാമുവേൽ, വിജയമ്മ പിച്ചനാട്ട് എന്നിവർ സംസാരിച്ചു.
വടശ്ശേരിക്കര: വടശ്ശേരിക്കര വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു.
പ്രസിഡന്റ് ഫ്രഡി ഉമ്മന്‍റെ അധ്യക്ഷതയിൽ ലിജു ജോർജ്, മണിയാർ രാധാകൃഷ്ണൻ, രാജു ആന്റണി, സിബി താഴത്തില്ലത്ത്, കെ.ഇ. തോമസ്, എം.എൻ. ഗോപിനാഥൻ നായർ, ഭദ്രൻ കല്ലക്കൽ, ജി. ജയകൃഷ്ണൻ, നെൽസൺ, സ്വപ്ന സൂസൻ, വി.ആർ. അശ്വതി, ശശി ഇടക്കുളം, ഷീലു മാനാപ്പള്ളി കെ.വി. ഗോപാലകൃഷ്ണൻ നായർ, റജീന സലീം, കെ. ദിലീപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.