തരംഗമായി എണ്ണൂറാംവയൽ എഫ്.എം റേഡിയോ
text_fieldsറാന്നി: വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ് എൽ.പി സ്കൂളിലെ കുട്ടികളുടെ എഫ്.എം റേഡിയോ സ്റ്റേഷൻ തരംഗമാകുന്നു. നല്ലത് മാത്രം കേൾക്കുവാൻ നന്മകൾ മാത്രം പറയുവാൻ.... അറിയൂ നിറയൂ ആസ്വദിക്കൂ, ഇത് എണ്ണൂറാംവയൽ റേഡിയോ -കുട്ടി റേഡിയോ ജോക്കി അഞ്ജന സാറാ ജോൺ ആവേശത്തോടെ കത്തിക്കയറുകയാണ്.. ഒപ്പം ആർ.ജെ മാളവിക സുജിത്തും... കോവിഡ് വ്യാപനവും ലോക്ക്ഡൗണും കൊണ്ടു വലയുന്ന കുരുന്നുകൾക്ക് ഒട്ടേറെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കുന്ന വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്‌കൂളിന്‍റെ ഏറ്റവും പുതിയ വിഭവമാണ് കുട്ടികളുടെ എഫ്എ. റേഡിയോ സ്റ്റേഷൻ.
പ്രഫഷണൽ റേഡിയോ ജോക്കികളുടെ മികവോടെ അഞ്ചാം ക്ലാസ്സ് വിദ്യാർഥികളായ അഞ്ജന സാറാ ജോണും മാളവിക സുജിത്തുമാണ് ആർ.ജെമാരായി ആദ്യ ദിനങ്ങളിൽ പരിപാടികൾ കോർത്തിണക്കുന്നുന്നത്. റേഡിയോയുടെ അവതരണ ഗാനമൊരുക്കിയിരിക്കുന്നത് അധ്യാപിക അലീന ജോണാണ്. സി.പി. ഡിജോ, അർജുൻ മനോജ്, ജെ. ശിവകീർത്തന, ജെ. ശിവാനി, അന്ന മേരി തോമസ് എന്നിവരാണ് ആദ്യ എപ്പിസോഡുകൾക്ക് നേതൃത്വം നൽകുന്നത്.
അധ്യാപകരായ ലീജ പോൾ, ടെസ്സി കെ. ചാക്കോ എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ്ഗ നിർദേശങ്ങളുമായി ഒപ്പമുണ്ട്. റേഡിയോ സ്റ്റേഷന്‍റെ പ്രവർത്തനോദ്‌ഘാടനം സ്‌കൂൾ ലോക്കൽ മാനേജർ റവ. സോജി വി. ജോൺ നിർവഹിച്ചു. മഹാമാരിയുടെ കാലത്ത് വീടുകളിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് അറിവ് പകരുക മാത്രമല്ല ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിനും അവരെ ഊർജ്ജസ്വലരാക്കി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്നു പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു.
സാഹിത്യം, കല, കായികം, ആരോഗ്യം, കൃഷി, പാചകം, യാത്ര തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ അഭിമുഖങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികളുടെ പരിപാടികളിൽ ഉൾപ്പെടുന്നു. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് പരിപാടികളുടെ അവതാരകർ.അവതാരകാരും സാങ്കേതിക പ്രവർത്തകരുമെല്ലാം കുട്ടികൾ തന്നെ. സലിൻ നിരവ്, റോബിൻ ബ്ലെസ്സിങ് വോയിസ് എന്നിവരാണ് കുട്ടികൾക്ക് വേണ്ട സാങ്കേതിക പിന്തുണ നൽകുന്നത്. സൈനെർജി എന്ന അധ്യാപക കൂട്ടായ്മയാണ് റേഡിയോ സംപ്രേഷണത്തതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നത്. https://synergynetin.com/radio-cms/ എന്ന വെബ്സൈറ്റിലൂടെയാണ് റേഡിയോ സംപ്രേഷണം പൊതു ജനങ്ങളിലേക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.