ഭീതിയുടെ ആറുവർഷം; പ്രളയം വിഴുങ്ങിയ ഓർമയിൽ റാന്നി
text_fieldsറാന്നി: റാന്നി താലൂക്കിനെ വിഴുങ്ങിയ പ്രളയത്തിന്റെ ഓർമക്ക് ആറുവര്‍ഷം പിന്നിട്ടു. 2018 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പുലരി പ്രളയത്തെക്കുറിച്ചുള്ള വിവരങ്ങളുമായാണ് ഉണര്‍ന്നത്. പ്രളയത്തില്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ഗതാഗതം നിലച്ചു. വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും നിലച്ചു. എങ്ങും സഹായം അഭ്യർഥിച്ചുള്ള വിളികള്‍ മാത്രം. പ്രകൃതിദുരന്തം അതിന്റെ ഭീകരമായി കൈകളാല്‍ റാന്നിയെ ചേര്‍ത്തുപിടിച്ച ദിനങ്ങള്‍.
1996 ജൂലെ 29 റാന്നിയെ രണ്ടായി വിഭജിച്ച ദിനം. എന്നാല്‍, ദുരന്തങ്ങളുടെ തുടര്‍ യാത്രയുമായി റാന്നി നില്ക്കുമ്പോള് അതിജീവിക്കാനുറച്ചു തന്നെയാണ് ജനങ്ങള്‍. ആദ്യ ദുരന്തമെത്തിയത് പമ്പാനദിയിലെ വലിയപാലത്തിന്റെ പൊടുന്നനെയുള്ള തകര്‍ച്ചയുടെ രൂപത്തില്‍. പിന്നെ റാന്നിയെ പൂർണമായും മുക്കിയ പ്രളയം. കോവിഡിന്റെ വരവും കേരളത്തില്‍ രണ്ടാമതാദ്യം റാന്നിയില്‍.
1996 ജൂലൈ 29നാണ് പമ്പാനദിക്കു കുറുകെയുണ്ടായിരുന്ന വലിയ പാലം തകര്‍ന്നത്. ഇരു കരകയിലുമായി ഒരു ബന്ധവുമില്ലാതെ റാന്നി കിടന്നതോടെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. റാന്നിയുടെ എല്ലാ പ്രൗഢിയും നഷ്ടപ്പെട്ട ദുരന്തമായിരുന്നു വലിയ പാലത്തിന്റെ തകര്‍ച്ച. പാലത്തിന്റെ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ ഏറെ പാടുപെട്ടെങ്കിലും ഒന്നര പതിറ്റാണ്ടുകൊണ്ട് കാര്യങ്ങള്‍ ഏറെക്കുറെ നല്ല നിലയില്‍ എത്തി.
എന്നാല്‍, 2018ല്‍ പമ്പാനദിയിലുണ്ടായ പ്രളയം റാന്നിയെ പൂര്‍ണമായും തകര്‍ത്തു. തോണിക്കടവ്, അത്തിക്കയം, പെരുനാട്, മാടമണ്‍, വടശ്ശേരിക്കര, ഇടക്കുളം, ഐത്തല, റാന്നി, അങ്ങാടി, പുല്ലൂപ്രം, വരവൂര്‍, ഇടപ്പാവൂര്‍, കീക്കൊഴൂര്‍, പുതമണ്‍, ചെറുകോല്‍പ്പുഴ എന്നീ തീരമേഖലകളില്‍ ചളിയടിഞ്ഞത് വന്‍തോതിലാണ്. വ്യാപാര മേഖലയെയാണ് പ്രളയം ഏറെ നശിപ്പിച്ചത്. പുനുജ്ജീവനം സ്വപ്നംകണ്ട് കളത്തിലിറങ്ങിയ പലരും സഹായം കിട്ടാതെ പിന്‍വാങ്ങി. സമരങ്ങളും സഹായ പ്രഖ്യാപനങ്ങളും മുറപോലെ നടന്നു. കടമെടുത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലും വ്യാപാരം പുനരാരംഭിച്ചവര്‍ വീണ്ടും കടക്കെണിയിലുമായി.
പ്രളയത്തില്‍നിന്നും ഒട്ടും കരകയറാനാകാതെ റാന്നി കഴിയുമ്പോഴാണ് കോവിഡ് ഇവിടെയും എത്തിയത്. കോവിഡ് റാന്നിയിലെ വ്യാപാര മേഖലക്ക് സമ്മാനിച്ചത് കനത്ത പ്രഹരമാണ്. മിക്ക കടകളും അടഞ്ഞു കിടന്നു. തുറന്ന കടകളിലാകട്ടെ ആരും എത്തിയുമില്ല. പിന്നീട് ലോക്ഡൗണും കണ്ടൈന്‍മെന്റ് സോണുകളുമായി ദുരിതത്തിന്റെ ഘോഷയാത്ര. എന്തായാലും ഇടക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാനും കെൽപുള്ളവരാണെന്ന് റാന്നിക്കാർ തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.