പ്രളയം പെരുന്തേനരുവി ടൂറിസത്തിന് തിരിച്ചടിയായി
text_fieldsറാന്നി: പെരുന്തേനരുവി ടൂറിസം സെൻററിന് ഇത്തവണയും തിരിച്ചടി നൽകിയാണ് പ്രളയം പിൻവാങ്ങിയത്. 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന നിര്‍മാണങ്ങള്‍ പുനരുദ്ധരിച്ച് ഉദ്ഘാടനത്തിനായി കാക്കുന്നതിനിടെ എത്തിയ അപ്രതീക്ഷിത പ്രളയം സര്‍വ പ്രതീക്ഷയെയും തകര്‍ത്തു. ഇവിടം കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കായി ഒരുക്കിയ പാലം പ്രളയത്തിലെത്തിയ തടികള്‍ ഇടിച്ച് തകര്‍ന്നു.
വെള്ളച്ചാട്ടത്തിനുതാഴെ കോണിപ്പാറയില്നിന്ന് മൂന്നുഭാഗമായി നിര്‍മിച്ച ഇരുമ്പ് പാലത്തിലാണ് കൂറ്റന്‍ തടികളും മാലിന്യങ്ങളും ഇടിച്ചുകയറിയത്. ഇതിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നറിയണമെങ്കില്‍ വസ്തുക്കള്‍ മാറ്റേണ്ടതുണ്ട്. പാലത്തിെൻറ കൈവരികള്‍ വളഞ്ഞിട്ടുണ്ട്. സഞ്ചാരികള്‍ക്ക് പാലത്തിലൂടെ ഇറങ്ങി നദിയുടെ തീരത്തൂടെ നിര്‍മിച്ച നടപ്പാതയിലൂടെ താഴേക്ക് സഞ്ചരിക്കാന്‍വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണിത്.
രണ്ടുമാസം മുമ്പാണ് ഇതിെൻറ നിര്‍മാണം പൂര്‍ത്തിയായത്. നദീതീരത്ത് പരുവ കടവിലേക്ക് നിര്‍മിച്ച നടപ്പാതയില്‍ പാകിയിരുന്ന തറയോടുകള്‍ നേരത്തേ ഇളകിയും പാറക്കല്ലുകള്‍ വന്നടിഞ്ഞും തകര്‍ന്നിരുന്നു. ഇതും പുനര്നിര്മിക്കാനിരിക്കെയാണ് വീണ്ടും പ്രളയമെത്തിയത്. ഇപ്പോൾ ഇവിടെ കനത്ത ചളി നിറഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.