‘ചങ്ങാത്തം’ കൂടാൻ അതിഥി തൊഴിലാളികള്‍ മലയാളം പഠിക്കുന്നു
text_fieldsറാന്നി അങ്ങാടി: പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ മലയാളം പഠിച്ചുതുടങ്ങി. അന്തർ സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിന് സാക്ഷരത മിഷന് ആരംഭിച്ച ‘ചങ്ങാതി’ പദ്ധതിയിലൂടെയാണ് ഇവര്‍ മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നത്. ചങ്ങാതി പദ്ധതിക്കായി സാക്ഷരത മിഷന് പ്രത്യേകം തയാറാക്കിയ ‘ഹമാരി മലയാളം’ സാക്ഷരത പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ നടക്കുന്നത്. കേരളത്തില്‍ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. എഴുത്തും വായനയും മാത്രമല്ല ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യം, ശുചിത്വം, ലഹരിവിരുദ്ധത, ഭരണഘടന മൂല്യങ്ങള്‍, കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക പശ്ചാത്തലം തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം പഠിക്കുന്നതോടൊപ്പം കേരളസമൂഹവും ഇതരസംസ്ഥാന തൊഴിലാളികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദത്തിനും സഹായകരമായ രീതിയിയിലാണ് പുസ്തകം. റാന്നി അങ്ങാടി പഞ്ചായത്തില്‍നിന്നുള്ള 14 ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. പഠിതാക്കളുടെ സൗകര്യം അനുസരിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ 232 അതിഥി തൊഴിലാളികള്‍ സാക്ഷരത ക്ലാസില്‍ പങ്കെടുക്കുന്നുണ്ട്. ബംഗാള്‍, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നുള്ളവരാണ് പഠിതാക്കാള്‍. റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ ഇ.വി. അനില്‍, അസി. കോഓഡിനേറ്റര്‍ വൈ. സജീന തുടങ്ങിയവര്‍ ക്ലാസുകള്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.