കടം കൊടുത്ത പണം തിരിച്ചുചോദിച്ചതിന് വീടുകയറി ഉപദ്രവം; നിരവധി കേസിലെ പ്രതി അറസ്റ്റിൽ
text_fieldsറാന്നി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വീട്ടിൽ കയറി വയോധികനെയും കൊച്ചുമകനെയും മർദിക്കുകയും കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിക്കുകയും മോട്ടോർ സൈക്കിളിന് കേടുവരുത്തുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തണ്ണിത്തോട് തേക്കുതോട് പ്ലാന്റേഷൻ മുക്ക് സതീഷ് ഭവനം വീട്ടിൽ സതീഷാണ് (39) പിടിയിലായത്.
റാന്നി പുതുശ്ശേരിമല കിഴക്കെവിള പുളിനിൽക്കുന്നതിൽ സോമരാജൻ നായരുടെ വീട്ടിൽ ശനിയാഴ്ച രാത്രി എട്ടിന് അതിക്രമിച്ചകയറി കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. കൊച്ചുമകൻ അതുൽ കുമാറിന് കൊടുക്കാനുള്ള 500 രൂപ തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം, മുറ്റത്തുനിന്ന അതുലിനെ കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ തടയാൻ ശ്രമിച്ച സോമരാജൻ നായരെ വീട്ടിൽ കയറി കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. വാരിയെല്ലിന്റെ ഇടതുഭാഗത്ത് ഇടിയേറ്റ് പൊട്ടലുണ്ട്.
തുടർന്ന്, വെട്ടുകത്തിയെടുത്ത് മുറ്റത്തിരുന്ന അതുലിന്റെ മോട്ടോർ സൈക്കിളിൽ വെട്ടി കേടുപാട് വരുത്തി. വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി, അതുലിനെയും അമ്മയെയും വെട്ടാൻ ഓടിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ്, വെട്ടുകത്തിയുമായി അക്രമസാക്തനായി നിന്ന സതീഷിനെ അനുനയത്തിലൂടെ രാത്രി ഒമ്പതോടെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന്, വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോമരാജൻ നായരുടെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സതീഷ് 2021ൽ റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിലും കോന്നി, പത്തനംതിട്ട സ്റ്റേഷനുകളിലെ മൂന്ന് കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ അനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ സി.പി.ഒമാരായ സുമിൽ, ആൽവിൻ സുകേഷ് എന്നിവരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.