കാലവർഷം: കോസ്വേകൾ മുങ്ങി; മറുകര കടക്കാനാകാതെ നാട്ടുകാർ
text_fieldsറാന്നി: കാലവർഷം കനത്തതോടെ മലയോരത്തെ കോസ്വേകൾ മൂന്നും വെള്ളത്തിലായി. കുറുമ്പൻമൂഴി, അറയഞ്ഞാലിമൺ, മുക്കം കോസ്വേകളാണ് നാലു ദിവസമായി വെള്ളം കയറി കിടക്കുന്നത്. ഇതോടെ മറുകര കടക്കാനാകാതെ വലയുകയാണ് ജനം. കുറുമ്പൻമൂഴി, അറയഞ്ഞാലിമൺ കോസ്വേകൾക്കപ്പുറത്ത് നൂറുകണക്കിനാളുകൾ താമസിക്കുന്നുണ്ട്.
പമ്പാനദിയിൽ വെള്ളം ഉയർന്നുകഴിഞ്ഞാൽ പിന്നെ ഇവർക്ക് യാത്ര അസാധ്യമാകും. കുറുമ്പൻമൂഴിക്കാർക്ക് പകൽ ഉപയോഗത്തിനായി വനത്തിലൂടെ പുതിയ ഒരു പാത തുറന്നിട്ടുണ്ടെങ്കിലും അറയഞ്ഞാലിമണ്ണിൽ അതുമില്ല.
കോസ്വേ മുങ്ങിയാൽ ജോലിക്കു പോകാനോ കുട്ടികളെ സ്കൂളുകളിൽ അയക്കാനോ സാധനങ്ങൾ വാങ്ങാനോ മറുകരയിലെത്താനാകാത്ത സ്ഥിതിയാണ്. അടിയന്തരഘട്ടത്തിൽ ആശുപത്രിയിലേക്കുപോലും പോകാനാകാത്ത സാഹചര്യമാണ്.
നല്ല ഒരു മഴ പെയ്ത് നദിയിൽ വെള്ളം ഉയർന്നാൽ ആദ്യം മുങ്ങുന്നത് കോസ് വേകളായിരിക്കും. പെരുന്തേനരുവിയുടെ മറുകരയിൽ നാനൂറിലേറെ കുടുംബങ്ങളാണ് കുരുമ്പൻമൂഴിയിലുള്ളത്. പെരുന്തേനരുവി സംഭരണിയിൽ വെള്ളം നിറയുന്നതിനു പിന്നാലെ കോസ് വേയും വെള്ളത്തിലാകും.
ഡാമിൽ വെള്ളം തടയുന്നതു കാരണം ദിവസങ്ങളോളം കോസ്വേ വെള്ളത്തിലായിരിക്കും. വെള്ളപ്പൊക്കത്തിനു മുമ്പായി നദിയിൽ അടിഞ്ഞ മണ്ണും മറ്റും നീക്കാതിരുന്നതും മഴക്കെടുതിയുടെ രൂക്ഷത വർധിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.