റാന്നിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഹെൽപ് ഡെസ്ക്
text_fieldsറാന്നി: കുടിവെള്ള വിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കാനും ജല വിതരണം കാര്യക്ഷമമാക്കാനും ഓരോ പഞ്ചായത്തിലും ഹെൽപ് ഡെസ്ക് രൂപവത്കരിക്കാനും തീരുമാനം. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും നിലവിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചും ചർച്ചചെയ്യാൻ ചേർന്ന ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.ഓരോ പഞ്ചായത്തിലും ഒരു ഉദ്യോഗസ്ഥനും ഒരു വാർഡ് മെംബറും ഹെൽപ് ഡെസ്കിെൻറ ചുമതല വഹിക്കും.
ഇവർക്ക് കിട്ടുന്ന പരാതികൾ അതോറിറ്റി ഉദ്യോഗസ്ഥതലത്തിൽ ഇടപെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കും. എല്ലാ പഞ്ചായത്ത് പ്രസിഡൻറുമാരും ജല അതോറിറ്റി ചീഫ് എൻജിനീയറും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പ് രൂപവത്കരിച്ചിട്ടുണ്ട്. പൊതുവിതരണ പൈപ്പുകളിലെ ചോർച്ച അടിയന്തരമായി പരിഹരിച്ച് ജലവിതരണം സുഗമമാക്കും.
പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം പരിഹരിക്കുന്നതിന് ഇരു വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ യോഗം പഞ്ചായത്ത് പ്രസിഡൻറുമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചേരും.അത്തിക്കയം-പെരുനാട് കുടിവെള്ള പദ്ധതിയുടെ നിർമാണം മാർച്ച് 31ന് മുമ്പ് പൂർത്തികരിക്കാൻ നിർദേശിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുമായി ബന്ധപ്പെട്ടുണ്ടായ ജലവിതരണ തടസ്സങ്ങൾ പരിഹരിക്കുന്നതിന് കെ.എസ്.ടി.പിയുമായി അടിയന്തര യോഗം ചേരാനും യോഗത്തിൽ തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഗോപി, ബിന്ദു ചന്ദ്രമോഹൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോർജ് എബ്രഹാം, ശ്രീലേഖ സുരേഷ്, പഞ്ചായത്ത് പ്രസിഡൻറുമാർ, ജല അതോറിറ്റി ചീഫ് എൻജിനീയർ പ്രകാശ് ഇടുക്കുള, സൂപ്രണ്ടിങ് എൻജിനീയർ ഉഷ രാധാകൃഷ്ണൻ, എക്സിക്യൂട്ടിവ് എൻജിനീയർ തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.