തൊഴിൽ മേളയിൽ വൻ തിരക്ക്; ഇന്നും തുടരും
text_fieldsറാന്നി: റാന്നി സെന്റ് തോമസ് കോളജിൽ വിജ്ഞാന പത്തനംതിട്ട മെഗാ തൊഴിൽമേളയിൽ ശനിയാഴ്ച രണ്ടായിരത്തിലധികം ഉദ്യോഗാർഥികൾ പങ്കെടുത്തതെന്ന് സംഘാടകർ. മേള ഞായറാഴ്ചയും തുടരും.
38 സ്വകാര്യ സ്ഥാപനങ്ങളുടെ 89 തസ്തികളിലേക്കുള്ള 18,203 ഒഴിവിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ/ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവരാണ് ഇൻറർവ്യൂവിന് എത്തിയത്. ഓൺലൈൻ വഴിയും നേരിട്ടുമുള്ള അഭിമുഖങ്ങൾ ഉണ്ടായിരുന്നു. റാന്നിയിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് കോളജിലേക്ക് എത്താൻ കെ.എസ്.ആർ.ടി.സി ബസ് സർവിസും ഏർപ്പെടുത്തിയിരുന്നു.
ഉദ്യോഗാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം കൗണ്ടറുകളും വിശ്രമിക്കാനുള്ള മുറികളും സജ്ജീകരിച്ചിരുന്നു. ഹെൽപ് ഡെസ്കുകളും ക്രമീകരിച്ചിരുന്നു.
എൽ ആൻഡ് ടി, ടെക്ക് മഹേന്ദ്ര, മണിമുറ്റം, ബി.എസ്.എ സൈക്കിൾ, സിയറ്റ് ടയർ, ആക്സിസ് ബാങ്ക്, ടി.വി.എസ്, എ.വി.ജി മോട്ടേഴ്സ് ഉൾപ്പെടെയുള്ള കമ്പനികളാണ് പങ്കെടുത്തത്. അഭിമുഖങ്ങളെ നേരിടാനും പ്രശ്നങ്ങൾ പരിഹരിച്ച് കൂടുതൽ തയാറെടുപ്പ് നടത്താനും കുട്ടികൾക്ക് കൂടുതൽ പരിപാടി പ്രചോദനമായി.
മേളയുടെ ഉദ്ഘാടനം പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ഫൗണ്ടിറ്റ് ടാലൻറ് ആക്സിലറേഷൻ പോഗ്രാം ഉദ്ഘാടനം കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. മുൻ എം.എൽ.എ രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. വിജ്ഞാന പത്തനംതിട്ട, മൈഗ്രേഷൻ കോൺക്ലേവ്, കുടുംബശ്രീ, നോളജ് മിഷൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ മേള റാന്നി സെന്റ് തോമസ് കോളജിന്റെ 60ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് നടത്തുന്നത്.
മൈഗ്രേഷൻ കോൺക്ലേവ് രക്ഷാധികാരി ഡോ. ടി.എം. തോമസ് ഐസക്, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, മുൻ എം.എൽ.എ എ. പത്മകുമാർ, കോളജ് മാനേജർ പ്രഫ. സന്തോഷ് കെ. തോമസ്, പ്രിൻസിപ്പൽ സ്നേഹ എൽസി ജേക്കബ്, അഡ്വ. ആർ. സനൽകുമാർ, വൈസ് ചെയർമാൻ അഡ്വ. റോഷൻ റോയി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ. പ്രകാശ്, അഡ്വ. ബിന്ദു റെജി, ഉഷ സുരേന്ദ്രനാഥ്, ബി. ഹരികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.