കൊറ്റനാട്, വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം 22ന്
text_fieldsറാന്നി: കൊറ്റനാട്, വടശ്ശേരിക്കര, നാറാണംമൂഴി എന്നീ മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള വിതരണ പദ്ധതികളുടെ ഉദ്ഘാടനം 22ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ നടപ്പാക്കുന്നതോടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനാകും. ഈ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ഇതോടെ ശാശ്വത പരിഹാരമാകും. കേരള വാട്ടർ അതോറിറ്റിയും അടൂർ പ്രോജക്ട് ഡിവിഷനുമാണ് പ്രവൃത്തികൾ നടപ്പാക്കുന്നത്. നാറാണംമൂഴി പഞ്ചായത്തിൽ ജലവിതരണത്തിനായി ആകെ ചെലവഴിക്കുന്ന തുക 24.5 കോടി രൂപയാണ്.
2898 കുടുംബങ്ങൾക്കാണ് ഇതുവഴി പുതിയ കണക്ഷൻ ലഭിക്കുക. പെരുനാട് - അത്തിക്കയം പദ്ധതി,അടിച്ചിപ്പുഴ പദ്ധതി, പെരുന്തേനരുവി പദ്ധതി എന്നിവ വഴിയാണ് ജലവിതരണം സാധ്യമാക്കുക. വടശ്ശേരിക്കര പഞ്ചായത്തിൽ ആകെ 60.5 കോടി രൂപയാണ് ചെലവഴിക്കുക. 3925 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
മണിയാർ ഡാമിൽനിന്നും വെള്ളമെടുത്തുള്ള പുതിയ പദ്ധതി, ചമ്പോൺ പദ്ധതി, റാന്നി മേജർ കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ പദ്ധതി എന്നിവിടങ്ങളിൽ നിന്നാണ് ജലലഭ്യത ഉറപ്പാക്കുക. നിലവിൽ കുടിവെള്ള പദ്ധതികൾ ഒന്നുമില്ലാത്ത കൊറ്റനാട് പുതിയ പദ്ധതിയായ അങ്ങാടി - കൊറ്റനാട് കുടിവെള്ള പദ്ധതി വഴിയാണ് ജല ലഭ്യത ഉറപ്പാക്കുക. ഒന്നാംഘട്ടമായി 50.50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 4706 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കൊറ്റനാട് പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10ന് കൊറ്റനാട് ട്രിനിറ്റി മാർത്തോമ ഹാളിലും വടശ്ശേരിക്കരയിലേത് രാവിലെ 11ന് ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപവും നാറാണംമുഴിയിലേത് പകൽ 12ന് അത്തിക്കയത്തും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.