ഇൻഷുറൻസ് തുക നൽകിയില്ല;15.53 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsറാന്നി: വെള്ളം കയറി നാശമുണ്ടായത് ബോധ്യപ്പെട്ടിട്ടും ഇൻഷുറൻസ് തുക നൽകാതിരുന്ന ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി കൊല്ലം ബ്രാഞ്ച് മാനേജർ 15.53 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ജില്ല ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. റാന്നി ഇടശ്ശേരിൽ വീട്ടിൽ എബി സ്റ്റീഫൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. എബിയുടെ റാന്നിയിലുള്ള എബനേസർ ഫർണീച്ചർ മാർട്ട് എന്ന കട 18 ലക്ഷം രൂപക്ക് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഇൻഷ്വർ ചെയ്തിരുന്നു.
2018ലെ വെള്ളപ്പൊക്കത്തിൽ കടയിൽ വെള്ളം കയറി 13,38,000 രൂപയുടെ നാശനഷ്ടമുണ്ടായി. ഇത് ഇൻഷുറൻസ് കമ്പനിക്ക് ബോധ്യപ്പെട്ടിട്ടും കടയിൽ വെള്ളം കയറിയില്ലെന്ന് പറഞ്ഞ് നഷ്ടപരിഹാര തുക കൊടുക്കാതെ ഒഴിഞ്ഞ് മാറി. വെള്ളം കയറിയതിന് തെളിവിലേക്കായി റാന്നി തഹസിൽദാർ, റാന്നി പഞ്ചായത്ത് സെക്രട്ടറി, അഡ്വക്കേറ്റ് കമ്മീഷണർ എന്നിവരെ കമ്മീഷനിൽ എത്തിച്ച് ആവശ്യമായ തെളിവുകളും മൊഴികളും എബി നൽകുകയുണ്ടായി.
ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയക്കുകയും അഭിഭാഷകർ മുഖാന്തരം ഇരുകൂട്ടരും ഹാജരായി ആവശ്യമായ രേഖകൾ ഹാജരാക്കുകയും ചെയ്തു. തുടർന്ന് എബനേസർ ഫർണീച്ചർ മാർട്ടിലുണ്ടായ നഷ്ടം 13,38,000 രൂപയും 2,00,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവിനത്തിൽ 15,000 രൂപയും ചേർത്ത് 15,53,000 രൂപ ഇൻഷുറൻസ് കമ്പനി കൊല്ലം ബ്രാഞ്ച് മാനേജർ നൽകണമെന്ന് കമ്മീഷൻ ഉത്തരവിടുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.