റാന്നി ബിവറേജസ് പരിസരത്ത് മദ്യപരുടെ തമ്മിൽത്തല്ലും വാക്കേറ്റവും പതിവ്
text_fieldsറാന്നി: റാന്നി ബിവറേജസ് കോർപറേഷന് മദ്യവില്‍പ്പനശാല പരിസരത്ത് മദ്യപരുടെ തമ്മിൽത്തല്ലും വാക്കേറ്റവും അസ്സഹനീയമായി മാറുന്നു. കഴിഞ്ഞദിവസം ഇവിടെ നിന്ന് മദ്യംവാങ്ങി പരിസരത്തുവെച്ച് കഴിച്ചവര്‍ തമ്മിലുള്ള സംഘട്ടനത്തിലും വാക്കേറ്റത്തിലും ഒരാളെ മറ്റ് സംഘത്തില്‍പ്പെട്ടവര്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവുമുണ്ടായി. കീക്കൊഴൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകന് അമ്പാടിയെയാണ് കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്.
റാന്നി കോളജ് റോഡരികിലെ ബിവറേജ് കോർപറേഷന് പരിസരം സ്ഥിരം മദ്യപാനികളുടെ താവളമായി മാറിക്കഴിഞ്ഞു. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. മദ്യപരുടെ ചിത്തവിളി കേള്‍ക്കാതെ കോളജ് വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും ഈ റോഡിൽക്കൂടി പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടും അധികൃതര്‍ നിസ്സംഗത പാലിക്കുകയാണ്. ബിവറേജിലേക്ക് എത്തുന്നവര്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഇതുവഴിയുള്ള ഗതാഗതത്തിനും തടസ്സമാകുന്നുണ്ട്. ചെറുകിട തട്ടുകള്‍ മറയാക്കിയും ഇവിടെ മദ്യപാനം നടക്കുന്നതായി പറയുന്നു.
സ്കൂള്‍-കോളജ് വിദ്യാര്‍ഥികളുൾപ്പടെയുള്ളവര്‍ കടന്നുപോകുന്ന വഴിയിലെ ബിവറേജ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ ശക്തമായിരുന്നു. മതിയായ വഴിസൗകര്യവും പാര്ക്കിങ്ങുമില്ലാത്ത സ്ഥലത്താണ് ബിവറേജ് ഷോപ്പ്. ഇവിടം പാര്‍ക്കിങ് നിരോധിത മേഖലയുമാണ്. ബസ് ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിനും ഇവിടുത്തെ പാര്‍ക്കിങ് തടസ്സമായിട്ടുണ്ട്. സമീപത്തുതന്നെ ബാറും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും അടിപിടി നടക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.