ജൽ ജീവൻ പദ്ധതി ട്രീറ്റ്മെന്റ് പ്ലാന്റ്: സ്ഥലം വാങ്ങാൻ അനുമതി
text_fieldsറാന്നി: ജൽ ജീവൻ പദ്ധതി ട്രീറ്റ്മെന്റ് പ്ലാന്റിന് എം.എൽ.എ ഫണ്ടിൽനിന്ന് സ്ഥലം വാങ്ങാൻ പണം ചെലവഴിക്കാൻ സർക്കാർ പ്രത്യേകാനുമതി നൽകി. ചെറുകോൽ-നാരങ്ങാനം-റാന്നി കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലം വാങ്ങാനാണ് എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അനുവദിച്ചത്. ഇതിന് പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ സർക്കാറിന് കത്ത് നൽകിയിരുന്നു.
ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾ പൂർണമായും റാന്നി പഞ്ചായത്തിന്റെ 12, 13 വാർഡുകളിലും കുടിവെള്ളം എത്തിക്കുന്ന സമഗ്ര പദ്ധതിയുടെ നടത്തിപ്പിന് 68 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.പമ്പാനദിയുടെ കരയിലുള്ള പുതമൺ പമ്പ് ഹൗസിൽനിന്ന് വെള്ളം പമ്പ് ചെയ്തു ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് കുടിവെള്ളം വിതരണം ചെയ്യുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഗ്രാമോദ്ധാരണത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ട്രീറ്റ്മെൻറ് പ്ലാന്റിനായി ഉദ്ദേശിച്ചിരുന്നത്. എന്നാൽ, നിയമ തടസ്സങ്ങൾ പദ്ധതിയെ ബാധിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് സ്ഥലത്തിനായി സ്വകാര്യ വ്യക്തിയെ സമീപിച്ചതും അദ്ദേഹം സമ്മതം അറിയിച്ചതും. സ്ഥലത്തിനാവശ്യമായ 35 ലക്ഷം രൂപയിൽ 25 ലക്ഷം രൂപയാണ് എം.എൽ.എ ഫണ്ടിൽനിന്ന് നൽകുക. ബാക്കി 10 ലക്ഷം രൂപ ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.