കാണാമറയത്ത് ജസ്ന: തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുടുംബം
text_fieldsറാന്നി: ജസ്ന തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ പിതാവും സഹോദരങ്ങളും. വെച്ചൂച്ചിറ കൊല്ലമുള സ്വദേശി ജസ്നയെ കാണാതായിട്ട് നാലുവർഷം കഴിഞ്ഞു. വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് കളത്തില്‍ ജയിംസിന്റെ മകള്‍ ജസ്നയെ കാണാതായത് 2018 മാര്‍ച്ച് 22നാണ്. കാഞ്ഞിരപ്പള്ളി എസ്.ഡി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജസ്ന മരിയം ജയിംസിനെ മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്.
ജസ്നയുടെ വശം മൊബൈല്‍ ഫോണും ഇല്ലാതിരുന്നതായി പറയുന്നു. ജസ്നയെക്കുറിച്ച് ഏറെ അന്വേഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നടന്നു. ജസ്നയെ കാണാതാകുന്നത് വീട്ടില്‍നിന്നുള്ള യാത്രയിലാണ്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സ്ഥലം. എന്നാല്‍, കേസെടുക്കാന്‍ വെച്ചൂച്ചിറ പൊലീസ് ആദ്യം മടിച്ചു. എരുമേലിയില്‍നിന്ന് കാണാതായെന്ന പേരില്‍ കേസ് അവിടെ എടുക്കട്ടെയെന്നായിരുന്നു നിര്‍ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട ശേഷമാണ് അന്വേഷണം ഊര്‍ജിതമായത്. 2018 മേയ് 27ന് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.
ജെസ്ന മടങ്ങിവരുമെന്ന പ്രതീക്ഷയിൽ പിതാവും സഹോദരങ്ങളും ഇപ്പോഴും കാത്തിരിക്കുകയാണ്. അന്വേഷണത്തിനിടയിൽ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചില ശുഭസൂചനകള്‍ പലപ്പോഴായി നല്‍കിയിരുന്നു. ഇതെല്ലാം ബന്ധുക്കളുടെ പ്രതീക്ഷ വർധിപ്പിച്ചു. പിന്നീട് ഹൈകോടതി ഉത്തരവുകൂടി വന്നതോടെ കേസ് സി.ബി.ഐക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.