സിൽവർ ലൈൻ: പന്തളം മേഖലയിൽ സർവേ ഈ മാസം ആരംഭിക്കും
text_fieldsപന്തളം: സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സർവേ നടപടികൾ ജില്ലയിൽ ഈ മാസം അവസാനത്തോടെ ആരംഭിക്കും. സമീപ ജില്ലയായ ആലപ്പുഴയിലെ മുളക്കുഴയിൽ സർവേ നടപടികൾ അവസാനഘട്ടത്തിലാണ്. മുളക്കുഴയിൽ പ്രതിഷേധത്തിനിടയിലും സർവേ പൂർത്തിയാക്കി.
പത്തനംതിട്ട, ആലപ്പുഴ ജില്ല അതിർത്തി പ്രദേശത്ത് സർവേ പൂർത്തിയാകുന്ന മുറക്ക് അടുത്തുകിടക്കുന്ന പന്തളത്ത് സർവേ ആരംഭിക്കാനാണ് കെ-റെയിലിന്റെ തീരുമാനം. കെ-റെയിൽ എൽ.എ.ഒയുടെ (ലാൻഡ് അക്വിസിഷൻ ഓഫിസർ) നേതൃത്വത്തിലാകും സർവേ നടക്കുക. ഇതുമായി ബന്ധപ്പെട്ട് തിരുവല്ലയിൽ കെ-റെയിൽ ഓഫിസ് തുറന്നിട്ടുണ്ട്. 44.71 ഹെക്ടറാണ് ജില്ലയിൽ ഏറ്റെടുക്കാൻ ലക്ഷ്യമിടുന്നതെന്ന് കെ-റെയിൽ എൽ.എ.ഒ ജോൺ വർഗീസ് പറഞ്ഞു.
തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി, അടൂർ താലൂക്കുകളിലെ വിവിധ സ്ഥലങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. കല്ലൂപ്പാറ, കുന്നന്താനം, ഇരവിപേരൂർ, കവിയൂർ, കോയിപ്രം, ആറന്മുള, പള്ളിക്കൽ, പന്തളം, കടമ്പനാട് വില്ലേജുകളിലൂടെയാണ് കെ-റെയിൽ കടന്നുപോകുന്നത്.
ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് കല്ലിടുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രൂപരേഖപ്രകാരം 22 കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. ചെങ്ങന്നൂരാണ് ജില്ലക്ക് അടുത്തുള്ള സ്റ്റേഷൻ.
നിലവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 4.3 കിലോമീറ്റർ അകലെ എം.സി റോഡിനു സമീപമാണ് കെ-റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുന്നത്. പന്തളം ജങ്ഷന് പടിഞ്ഞാറുവശം മുടിയൂർക്കോണം, കുളനട പഞ്ചായത്തിലെ ഞെട്ടൂർ തുടങ്ങിയ പ്രദേശം വഴിയാണ് സർവേ നടപടിയിൽ ആരംഭിക്കുക. പന്തളം ജങ്ഷന് പടിഞ്ഞാറുവശം കരിങ്ങാലി പാടശേഖരത്തിന്റെ പകുതിയിലേറെയും സർവേയിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.