പൈപ്പ് സ്ഥാപിക്കാൻ വൈകി; ടാറിങ് നടത്തി കരാറുകാരൻ മടങ്ങി
text_fieldsറാന്നി: കുടിവെള്ള പദ്ധതിയുടെ പുതിയ ജലവിതരണക്കുഴൽ സ്ഥാപിക്കാൻ വൈകിയതുമൂലം ഉന്നത നിലവാരത്തിൽ റോഡ് ടാറിങ് നടത്തി കരാറുകാരൻ മടങ്ങി. ഇതുമൂലം കുടിവെള്ളം മുട്ടുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. അങ്ങാടി മർത്തോമ ജങ്ഷൻ മുതൽ 50 മീറ്ററോളം വരെയുള്ള ഭാഗമാണ് കുടിവെള്ള പൈപ്പിടൽ പൂർത്തിയാകാതെ റോഡ് ബി.എം.സി നിലവാരത്തിൽ ടാറിങ് ജോലി നടത്തിയത്. പൈപ്പ് സ്ഥാപിക്കാത്തതുകാരണം മടത്തുംചാൽ-മുക്കുട്ടുതറ റോഡിെൻറ പണി അങ്ങാടി ഭാഗത്ത് പൂർത്തികരിക്കാൻ കഴിഞ്ഞിരുന്നില്ല. പൈപ്പ് സ്ഥാപിക്കാൻ വൈകിയത് കാരണം കരാറുകാരൻ കാത്തുനിൽക്കാൻ തയാറാകാതെ റോഡ് ടാർ ചെയ്യുകയായിരുന്നു.
ഏറെ കാലമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനെതിരെയും നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ഒടുവിൽ പൈപ്പ് എത്തിയിട്ടും പണി തുടങ്ങാൻ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് പൈപ്പ് സ്ഥാപിച്ചുതുടങ്ങിയത്. കഴിഞ്ഞ ഒന്നര വർഷമായി ഈ പ്രദേശങ്ങളിൽ വെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. അങ്ങാടി പുളിമുക്ക് പദ്ധതിയിൽനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന ചിറക്കൽപടി, തൃക്കോമല, കടവുപുഴ പ്രദേശങ്ങളിലുള്ളവരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്.
വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച പൈപ്പ് മാസത്തിൻ അഞ്ചുതവണ പൊട്ടുന്നത് ജലവിതരണ വകുപ്പിന് തലവേദന സൃഷ്ടിച്ചിരുന്നു. ഓരോ പ്രാവശ്യവും പൈപ്പ് പൊട്ടുമ്പോൾ അതോറിറ്റി അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഏറ്റവും അവസാനം പൈപ്പിെൻറ പൊട്ടിയ ഭാഗം മുറിച്ചുമാറ്റി പുതിയത് യോജിപ്പിച്ച് പ്രശ്നം പരിഹരിച്ചു. ഈ പ്രദേശത്തെ പൈപ്പ് പൊട്ടൽ തുടർക്കഥയായപ്പോൾ വാട്ടർ അതോറിറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ കരാർ ക്ഷണിച്ചിരുന്നു. എന്നാൽ, കരാർ എടുക്കാൻ ആരും മുന്നോട്ട് വരാത്തത് പദ്ധതി നിർവഹണത്തിന് തടസ്സമായി. പിന്നീട് നടത്തിയ ടെൻഡറിൽ അഞ്ചുകോടിയിലധികം രൂപക്ക് കരാർ നൽകുകയായിരുന്നു.
നവംബർ അവസാനമാണ് പൈപ്പ് ഇറക്കി പണി തുടങ്ങിയത്. എന്നാൽ, മർത്തോമ ആശുപത്രി ജങ്ഷനിൽനിന്ന് കുറച്ച് ഭാഗംകൂടി പൈപ്പ് ഇടാനുണ്ട്. ടാറിങ് നടത്തിയതിനാൽ പൊതുമരാമത്ത് വകുപ്പിെൻറ അനുമതി ലഭിക്കണമെങ്കിൽ പണികൾക്ക് തുക നൽകിയ കിഫ്ബിയുടെ അനുവാദം വേണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇത്തരത്തിൽ ടാറിങ് നടത്തിയ പല ഭാഗത്തെയും റോഡ് പൊളിക്കാൻ കിഫ്ബിയുടെ അനുവാദം കാത്തുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.