റാന്നിയിൽ പുലിയെ കണ്ടെന്ന്; ആശങ്കയിൽ നാട്ടുകാർ
text_fieldsറാന്നി: പഴവങ്ങാടി പഞ്ചായത്തിലെ ഐത്തല വായനശാലപ്പടിക്കു സമീപം പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെന്ന് നാട്ടുകാർ. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിച്ച പ്രദേശവാസിയായ തുണ്ടിയിൽ ബിജുവാണ് പുലിയെപ്പോലുള്ള ജീവിയെ കണ്ടതായി അറിയിച്ചത്. ബൈക്കിൽ വരുന്ന വഴി ശബ്ദം കേട്ട് പതുങ്ങി നിന്ന ജീവി വീടിന്റെ ഗേറ്റിനടിയിലൂടെ ഓടിക്കയറാൻ ശ്രമിച്ചു. രാത്രിയിൽ ജീവിയെ കണ്ടതു മുതൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
തിങ്കളാഴ്ചയും ഇതിനെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയാണ്. ഇതിനു സമീപം കുറ്റിക്കാടുമുണ്ട്. അതേസമയം, പുലിക്ക് സമാനമായ വള്ളിപ്പൂച്ചയായിരിക്കാമെന്ന് റാന്നി ഫോറസ്റ്റ് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. പുലി ജനവാസ മേഖലയിൽ അധികസമയം തങ്ങില്ലെന്നും കുട്ടിയാണെങ്കിൽ തള്ളപ്പുലിയെ വിട്ട് മാറിനിൽക്കുക അപൂർവമാണെന്നും പറഞ്ഞു. മേഖലയിൽ പരിശോധന നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നേരത്തേയും വള്ളിപ്പൂച്ചയെ റാന്നിക്ക് സമീപത്തുനിന്ന് പിടികൂടിയിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രതയിലാണ്. സന്ധ്യ കഴിഞ്ഞാൽ നാട്ടുകാർ പുറത്തിറങ്ങാതെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.