കാടും പടലും മൂടി ഇടമുറി മലയാറ്റുപടി-അമ്പലംപടി റോഡ്
text_fieldsറാന്നി: കാടും പടലും മൂടി ഇടമുറി മലയാറ്റുപടി- അമ്പലംപടി റോഡ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇതിന് പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ ആവലാതിക്ക് ഇനിയും അറുതിയായില്ല. ഇടമുറി മലയാറ്റുപടിയിൽനിന്ന് റബർ ബോർഡ് ചപ്പാത്ത്-ഇരപ്പംപാറ-ശാസ്താംകണ്ടം- ഇടമുറി അമ്പലംപടി റോഡ് വികസനമാണ് കാലങ്ങളായി നീളുന്നത്.
കാട്ടുപന്നിയെയും ഇഴജന്തുക്കളെയും ഭയന്നുവേണം ഇതുവഴി കാല്‍നട, വാഹനയാത്ര നടത്താന്‍. അരനൂറ്റാണ്ട് മുമ്പ് നിർമിച്ച ഒന്നേമുക്കാല്‍ കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ വികസനം ഇന്നും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്.
ചേത്തയ്ക്കൽ-പുള്ളിക്കല്ല്, മുക്കട-ഇടമൺ-അത്തിക്കയം റോഡുകളെയും പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടറോഡാണിത്. റബർ ബോർഡിന്റെ ചേത്തയ്ക്കൽ പരീക്ഷണത്തോട്ടത്തിന്റെ വശത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. റബർ പരീക്ഷണ തോട്ടം ആരംഭിച്ചപ്പോൾ തോട്ടത്തിനുള്ളിലൂടെയുള്ള റോഡ് അടച്ചിരുന്നു. അതോടെ ഇതിനു സമീപത്തുള്ളവരുടെ സഞ്ചാരമാര്‍ഗം അടഞ്ഞു. തുടർന്ന് നാട്ടുകാർ കോടതി ഉത്തരവിലൂടെ നേടിയെടുത്ത വഴിയാണിത്. ഇതിന്റെ ഒരുവശം കുളത്തുങ്കല്‍-ഇരപ്പന്‍പാറ നീരൊഴുക്കു തോടും മറുവശം തോട്ടത്തിന്റെ അതിരുമാണ്.
തോടിന്റെ വശത്ത് തുടക്കഭാഗത്തു മാത്രമാണ് സംരക്ഷണഭിത്തി പണിതിട്ടുള്ളത്. മഴക്കാലങ്ങളില്‍ വാഹനങ്ങൾ വശം ചേർത്താൽ അപകടത്തിൽപെടും. ജില്ല പഞ്ചായത്ത്, നാറാണംമൂഴി പഞ്ചായത്ത്, മുൻ എം.പി പി.ജെ. കുര്യൻ, മുൻ എം.എൽ.എ രാജു എബ്രഹാം എന്നിവരുടെ ഫണ്ട് ചെലവഴിച്ച് കുറെ ഭാഗം മെച്ചപ്പെടുത്തിയിരുന്നു. ബാക്കി ഭാഗം കാടുകയറി സഞ്ചാരമാര്ഗമില്ലാതെ കിടക്കുകയാണ്.
ത്രിതല പഞ്ചായത്തുകളോ എം.പി, എം.എല്‍.എ ഫണ്ടുകളോ അനുവദിച്ചാല്‍ മാത്രമേ റോഡ് നിര്‍മാണം പൂർത്തിയാക്കാനാകൂ. ഇതിനായി നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. റാന്നി ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, അതിന്റെ തുടര്‍നടപടിയൊന്നും ആയിട്ടില്ല. ദുരിതത്തിന് അറുതി വരുത്താന്‍ നടപടിയുണ്ടാകണമെന്നാണ് അധികാരികളോട് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.