എം.സി.എഫ് നാട്ടുകാര്‍ക്ക് ബാധ്യതയാകുന്നു
text_fieldsറാന്നി: മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി എം.സി.എഫുകള്‍ നാട്ടുകാര്‍ക്ക് ബാധ്യതയാവുന്നതായി പരാതി.
അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ച മിനി എം.സി.എഫ് (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) നാട്ടുകാര്‍ക്ക് വിനയായി മാറുന്ന അവസ്ഥയാണ് എങ്ങും കാണാനാവുന്നത്. ജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ഇടാനായിട്ട് സ്ഥാപിച്ച എം.സി.എഫിലും പുറത്തും മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്.
കൂടാതെ ഇതിനു സമീപം കാടും പടര്‍ന്നു കയറുകയാണ്. പഴവങ്ങാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വട്ടാറുകയം ഗവ. എല്‍.പി സ്കൂളിന് സമീപം സ്ഥാപിച്ച എം.സി.എഫ് കുട്ടികള്‍ക്ക് ഭീക്ഷണിയാവുകയാണ്. വാര്‍ഡുകളിലെ മാലിന്യങ്ങള്‍ എല്ലാം ഒരിടത്ത് ശേഖരിക്കുന്നതിനാണ് എം.സി.എഫ് സ്ഥാപിച്ചത്.
ഇവിടെനിന്നും സംസ്കരണ കേന്ദ്രത്തിലേക്ക് പിന്നീട് മാലിന്യങ്ങള്‍ മാറ്റുന്ന പദ്ധതിയാണിത്. അങ്ങാടി പഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതി മാമുക്ക് അന്തിച്ചന്തയിൽ സ്ഥാപിച്ച എം.എസി.എഫ് കാട് കയറി കിടക്കുന്നു.
മാസങ്ങൾക്ക് മുമ്പ് നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കിയിട്ടില്ല.എന്നാല്‍, പഞ്ചായത്തിലുടനീളം സ്ഥാപിച്ച എം.സി.എഫുകള്‍ നോക്കുകുത്തിയായി ഇതിനോടകം മാറി. വാര്‍ഡിലെ വീടുകളില്‍നിന്നും ശേഖരിച്ചതും നാട്ടുകാര്‍ എറിഞ്ഞിട്ടു പോകുന്നതുമായ മാലിന്യങ്ങള്‍ ഇവിടെ നിറഞ്ഞു കിടക്കുകയാണ്.
സ്ഥലത്ത് കൊതുകുകള്‍ പെരുകുന്ന സ്ഥിതിയും ഇഴജന്തുക്കളുടെ കടന്നു കയറ്റവുമാണ്. നിശ്ചിത തുക ഈടാക്കി ഹരിതസേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മിനി എം.സി.എഫുകളില്‍ ശേഖരിച്ച് നീക്കുന്ന പദ്ധതി പ്രവര്‍ത്തനം ഏതാണ്ടു നിലച്ചതുപോലാണ്. പണം നല്കേണ്ടതിനാല് വീടുകളും സ്ഥാപനങ്ങളും മാലിന്യം നല്‍കാനും മടിക്കുന്നു.
ഇതോടെ ജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിട്ട് എം.സി.എഫുകളുടെ ഉള്ളിലേക്ക് നിക്ഷേപിച്ചു തുടങ്ങിയതോടെയാണ് ഇവ പൂട്ടിയിട്ടത്. ഇതിനുശേഷം മാലിന്യങ്ങള്‍ കവറില്‍ കെട്ടി ഇവയുടെ വെളിയില്‍ നിക്ഷേപിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.