വറ്റിവരണ്ട് പമ്പ; കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsറാന്നി: കടുത്ത വേനലിൽ പമ്പാനദി വറ്റിവരണ്ടു. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ അൽപം നീരൊഴുക്ക് കണ്ടെങ്കിലും വീണ്ടും ഒഴുക്കുനിലച്ച് പഴയനിലയിലായി. വീടുകളിലേക്കും കൃഷി ആവശ്യങ്ങൾക്കും നിരവധിപേരാണ് പമ്പയിലെ വെള്ളത്തെ ആശ്രയിക്കുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ വേനൽ കടുക്കുന്നതോടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്ത് ഉപയോഗിക്കാറുണ്ട്.
എന്നാൽ, ഇക്കൊല്ലം നീരൊഴുക്ക് കുറഞ്ഞതോടെ പൈപ്പ് മുങ്ങാൻ വെള്ളമില്ലാത്തതിനാൽ പലരും ചാക്കുകളിൽ മണ്ണുനിറച്ച് ചെറുചിറകൾ കെട്ടി വെള്ളം കെട്ടിനിർത്തുകയാണ്. കിണറ്റിൽ വെള്ളം ഇല്ലാതായതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ട് നേരിടുന്നത്.നാറാണംമൂഴി പഞ്ചായത്തിലെ മലയോര മേഖലകളിലെല്ലാം രൂക്ഷമായ കുടിവെള്ളക്ഷാമമാണ്.
ഈ മേഖലയിലുള്ളവർ വാഹനങ്ങൾ വാടകയ്ക്കെടുത്ത് നദിയിൽനിന്ന് വെള്ളം ശേഖരിച്ചുകൊണ്ടുപോവുകയാണ്. നദിയെ മലിനപ്പെടുത്തുന്ന തരത്തിലുള്ള മീൻ പിടിത്തവും പ്രതിസന്ധി സൃഷ്ടിക്കുന്നു. രാസ വസ്തുക്കൾ ഉൾപ്പെടെ കലക്കി മീൻ പിടിക്കുന്ന സംഘങ്ങൾ ധാരാളമാണ്. ഇതുമൂലം വെള്ളം ഉപയോഗിക്കാനാവുന്നില്ല. കുടിവെള്ള ക്ഷാമത്തിന് പഞ്ചായത്ത് ഇടപെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ജലവിതരണ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കും
റാന്നി: ചൂടിന്റെ കാഠിന്യം വർധിച്ചതിനാൽ എരുമേലി, വെച്ചൂച്ചിറ എന്നീ ജല വിതരണ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെടാനിടയുണ്ട്. പമ്പാനദിയിൽ പൂവത്തുമൂട് കടവിനു മുകൾ ഭാഗത്താണ് നീരൊഴുക്ക് നിലച്ചത്. പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളവും ആറ്റിലെ ചെറിയ നീരുറവക ളും മാത്രമാണ് ചെറിയ തോതിൽ ഒഴുക്കു നിലനിർത്തുന്നത്.
പമ്പ ത്രിവേണിയും വരണ്ടു. കുന്നാർ ഡാം തുറന്നു വിട്ടാണ് ശബരിമല ഉത്സവത്തിന് എത്തുന്ന തീർഥാടകർക്കായി ജലവിതാനം ക്രമീകരിച്ചിരിക്കുന്നത്. ത്രിവേണിക്കു താഴേക്ക് തീർത്തും വെള്ളമില്ല. കിസുമം, തുലാപ്പള്ളി, അരയാഞ്ഞിലിമണ്ണ്, പൊ നച്ചി, കുരുമ്പൻ മൂഴി, ഇടത്തിക്കാവ് എന്നിവിടങ്ങളിൽ ആറ്റിൽ വിശാലമായ മണൽപരപ്പുകൾ കാണാം.
പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി പമ്പാനദിയിലെ ഇടത്തിക്കാവിൽ നിർമിച്ച തടയണക്കുള്ളിൽ നിന്നാണ് എരുമേലി ജല വിതരണ പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത്. പദ്ധതിയുടെ കിണറും പമ്പ് ഹൗസും നദിയുടെ കരയിലാണ്. പമ്പ് ഹൗസിനോടു ചേർന്ന ഭാഗത്തു മാത്രമാണ് കുറച്ചെങ്കിലും വെള്ളമുള്ളത്.
ഇടത്തിക്കാവ് തടയണയിൽ നിന്ന് 500 മീറ്റർ താഴെ പെരുന്തേനരുവി വെള്ളച്ചാട്ടത്തോടു ചേർന്നാണ് വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ കിണറും പമ്പ് ഹൗസും.
ഇവിടെ ആറ്റിൽ നീരൊഴുക്കില്ല. പാറക്കൂട്ടങ്ങൾ തെളിഞ്ഞു കാണാം. പാറയിടുക്കിലെ നീരുറവയിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് വെച്ചൂചിറ ജല വിതരണ പദ്ധതി ക്കായി പമ്പ ചെയ്യുന്നത്. വെള്ളത്തിന്റെ അളവ് കുറയുമ്പോൾ പമ്പിങ് നിർത്തും. ഇതുമൂലം സം ഭരണികളിലെല്ലാം വെള്ളം എത്തിക്കാൻ കഴിയുന്നില്ല. ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമമാണ്. എരുമേലി ജല വിതരണ പദ്ധതിയുടെ കിണറ്റിൽ നിന്ന് വെച്ചൂച്ചിറ പദ്ധതിക്കും വെള്ളമെത്തിക്കാൻ ജൽജീവൻ മിഷൻ പദ്ധതിയിൽ കരാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ജലവൈദ്യുതി പദ്ധതികളിൽ ഉൽപാദനത്തിനു ശേഷം കക്കട്ടാറ്റിലൂടെ ഒഴുക്കിവിടുന്ന വെള്ളമാണ് പൂവത്തുംമൂടിനു താഴെ പമ്പാനദിയിൽ ജലവിതാനം ഉയർ ത്തുന്നതും നീരൊഴുക്ക് നിലനിർത്തുന്നതും. വേനലിന്റെ കാഠിന്യം വർധിച്ചാൽ അതിനും പ്രതിസന്ധി നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.