കടുത്ത വേനലിൽ വറ്റിവരണ്ട് പമ്പാനദി; കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsറാന്നി: കടുത്ത വേനലിൽ വറ്റിവരണ്ട് പമ്പാ നദി. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ അൽപം നീരൊഴുക്ക് വർധിച്ചിരുന്നെങ്കിലും വീണ്ടും ഒഴുക്കു നിലച്ച് പഴയനിലയിലായി. വീടുകളിലേക്കും കൃഷി ആവശ്യങ്ങൾക്കും നിരവധിപേരാണ് പമ്പയിലെ വെള്ളത്തെ ആശ്രയിക്കുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ വേനൽ കടക്കുന്നതോടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്ത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇക്കൊല്ലം നീരൊഴുക്ക് കുറഞ്ഞതോടെ പൈപ്പ് മുങ്ങിക്കിടക്കാൻ വെള്ളമില്ലാത്തതിനാൽ പലരും ചാക്കുകളിൽ മണ്ണ് നിറച്ച് ചെറു ചിറകൾ കെട്ടി വെള്ളം കെട്ടിനിറുത്തുകയാണ്.
കിണറ്റിൽ വെള്ളം ഇല്ലാതായതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ട് നേരിടുന്നത്. നാറാണംമൂഴി പഞ്ചായത്തിലെ മലയോര മേഖലകളിലെല്ലാം രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. ഈ മേഖലയിലുള്ളവർ വാഹനങ്ങൾ വാടകയ്ക്കെടുത്ത് നദിയിൽ നിന്ന് വെള്ളം ശേഖരിച്ചുകൊണ്ടുപോവുകയാണ്. നദിയെ മലിനപ്പെടുത്തുന്ന തരത്തിലുള്ള മീൻ പിടിത്തവും പ്രതിസന്ധി സൃഷ്ടിക്കുന്നു. രാസ വസ്തുക്കൾ ഉൾപ്പെടെ കലക്കി മീൻ പിടിക്കുന്ന സംഘങ്ങൾ ധാരാളമാണ്. ഇതുമൂലം വെള്ളം ഉപയോഗിക്കാനാവുന്നില്ല. കുടിവെള്ള ക്ഷാമത്തിന് പഞ്ചായത്ത് ഇടപെട്ട് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വേനൽ ചൂടിൽ വെള്ളം വറ്റിയ പെരുന്തേനരുവി ഭാഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.