പൊതുസ്ഥലത്ത് മാലിന്യം തള്ളി പഞ്ചായത്ത് ‘മാതൃക’
text_fieldsറാന്നി: പഴവങ്ങാടി പഞ്ചായത്തിന്റെ മഴക്കാല പൂര്‍വ ശുചീകരണം ‘വെറും ഷോ’യെന്ന് ആക്ഷേപം. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപം പൊക്ക വിളക്കിന് ചുറ്റുമായി മാലിന്യം തള്ളിയിരിക്കുകയാണ് പഞ്ചായത്ത് ജീവനക്കാര്‍.
ഹരിത കർമസേന വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചവയാണിത്. മഴയത്ത് കൊണ്ടുവന്ന് ഇട്ടിരിക്കുന്ന മാലിന്യം ചീഞ്ഞുദുർഗന്ധം വമിക്കുന്ന നിലയിലാണ് ഇപ്പോൾ. മാലിന്യം ശേഖരിച്ചുകൊണ്ടിരുന്ന പഞ്ചായത്തിന്റെ സ്വന്തം വാഹനം കാലാവധി കഴിഞ്ഞതിനാൽ ഓടിക്കാനാവില്ല.
അതിനാല്‍ വാടക വാഹനത്തിലാണ് ഇപ്പോൾ മാലിന്യങ്ങൾ നീക്കുന്നത്. ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നവർ ശേഖരിച്ച മാലിന്യങ്ങൾ രാത്രിയിൽ കൊണ്ടുവന്ന് നഗര ഹൃദയത്തിൽ തള്ളുകയായിരുന്നു.
ഇപ്പോൾ മാലിന്യം തള്ളിയിരിക്കുന്നതിന് പിന്നിലായി പഞ്ചായത്തിന്റെ ഷെഡ്രിങ് യൂണിറ്റ് സ്ഥിതിചെയ്യുന്നുണ്ട്. അവിടെ നിന്നുമാണ് ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു മാറ്റുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി പഞ്ചായത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം വളരെ ഗംഭീരമായി നടത്തിയിരുന്നു. ഇതിനു പിന്നാലെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതോടെ പഞ്ചായത്തിന്റെ ശുചീകരണപ്രവൃത്തികൾ പ്രഹസനമായി മാറിയെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.