ശരാശരി മാർക്കുമായി പഴവങ്ങാടി പഞ്ചായത്ത്
text_fieldsറാന്നി: റാന്നി ബ്ലോക്കിലെ വലിയ പഞ്ചായത്തുകളിലൊന്നാണ് റാന്നി- പഴവങ്ങാടി. റാന്നി ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്തിൽ ആകെ 17 വാർഡുകളുണ്ട്. ഇപ്പോൾ ഭരിക്കുന്നത് യു.ഡി.എഫ്. കക്ഷിനില: യു.ഡി.എഫ് - 10, എൽ.ഡി.എഫ് - 5, സ്വതന്ത്രർ - 2. ഭരണം തുടങ്ങി ഒരുവർഷം പിന്നിടുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോകുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ഒരു പടി മുന്നിലായിരുന്നു. അതേസമയം അടിസ്ഥാന കാര്യങ്ങളിൽ ഇനിയും മുന്നോട്ടുപോകാനുണ്ടെന്നാണ് പൊതു അഭിപ്രായം. ടൗണിന്റെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിയുന്നില്ല.
ഇട്ടിയപ്പാറയിലെ അടുത്തടുത്ത രണ്ട് ബസ്റ്റാൻഡിന്റെ സ്ഥിതി ശോചനീയമാണെന്ന് ചൂണ്ടികാട്ടുന്നവർ നിരവധിയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് മഴക്കാലത്ത് കയറാൻ പ്രയാസം. പ്രൈവറ്റ് സ്റ്റാൻഡിന് കുറച്ച് വികസനം അനിവാര്യമാണ്.
നിന്നുതിരിയാൻ ഇടമില്ല. ബൈപാസ് റോഡിൽനിന്ന് സ്റ്റാൻഡുകളിലേക്ക് കയറി വരുന്നവഴി തകർന്നുകിടക്കുകയാണ്. അതേപോലെ മുഖ്യ പ്രശ്നങ്ങളിലൊന്നാണ് മാലിന്യ സംസ്ക്കരണം. നിറയെ വ്യാപാര സ്ഥാപനങ്ങളും മറ്റും സ്ഥിതിചെയ്യുന്ന ഇവിടെ മാലിന്യം അടിക്കടി വർധിക്കുന്നു. ഇവ സംസ്ക്കരിക്കുന്ന പദ്ധതികൾ അത്രകണ്ട് വിജയിച്ചിട്ടില്ല. കോവിഡ് കാലത്ത് അടച്ചു പൂട്ടിയ മാർക്കറ്റ് തുറന്നെങ്കിലും ഉണർവില്ല. മത്സ്യഫെഡിന്റെ വിൽപനകേന്ദ്രം ആരംഭിച്ചതും ജനകീയഹോട്ടലും പഞ്ചായത്തിന്റെ നേട്ടങ്ങളാണ്. അതേസമയം, ഭരണം നഷ്ടപ്പെട്ട ഇടതുപക്ഷം ശക്താമയി രംഗത്തുണ്ട്.
ഒരുവർഷംകൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു -അനിത
റാന്നി: റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണസമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളോടൊപ്പംനിന്ന് പ്രവർത്തിക്കുന്നു. റാന്നി ഇട്ടിയപ്പാറയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ പ്രവർത്തനം നടക്കുന്നു.
റാന്നി സെന്റ് തോമസ് കോളജിൽ സി.എഫ്.എൽ.ടി.സി പ്രവർത്തനമാരംഭിച്ചെങ്കിലും രോഗികൾ കുറവായതിനാലും കോളജിൽ കുട്ടികളുടെ പരീക്ഷ നടക്കുന്നതിനാലും അടച്ചുപൂട്ടി. റാന്നി ഇട്ടിയപ്പാറയിൽ മത്സ്യഫെഡ് സ്റ്റാൾ തുറന്നു. ജണ്ടായിക്കലിൽ ഗ്യാസ് ക്രിമിറ്റോറിയതിന്റെ പണി ധൃതഗതിയിൽ നടക്കുന്നു.
ഗ്രാമപഞ്ചായത്തിൽ അഞ്ച്, നാല് വാർഡുകളിൽ അംഗൻവാടികൾ പ്രവർത്തനം തുടങ്ങി. എല്ലാ വാർഡുകളിലും അഞ്ചുലക്ഷം രൂപയുടെ ഗ്രാമീണ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. 17 വാർഡുകളിലും കുടിവെള്ളത്തിനുവേണ്ടി ഓരോലക്ഷം രൂപ വീതം പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റിയിൽ അടച്ചിട്ടുണ്ട്.
ഉയർന്ന പ്രദേശത്ത് ആൾത്താമസം ഇല്ലാത്ത സ്ഥലം നോക്കി വസ്തുവാങ്ങി മാലിന്യനിർമാർജനം നടത്തുന്നതിന് ശ്രമം നടത്തുന്നു. ഇട്ടിയപ്പാറ കോളജ് റോഡിൽ പണിയുന്ന വഴിയിടം ടേക്ക് എ ബ്രേക്ക് പ്രവർത്തനം ആരംഭിച്ചു. ഇട്ടിയപ്പാറയിൽ ഷോപ്പിങ് കോംപ്ലക്സ്, പഞ്ചായത്ത് ആസ്ഥാന മന്ദിരം എന്നിവ പണിയുന്നതിന് ആറുലക്ഷം രൂപ എസ്റ്റിമേറ്റ്, പ്ലാൻ എന്നിവ തയാറാക്കുന്നതിനായി ഉൾപ്പെടുത്തി. കെ.എസ്.ഇ.ബിക്ക് വൈദ്യുതി നൽകാൻ കഴിഞ്ഞത് എടുത്തുപറയത്തക്ക നേട്ടമാണ്. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റേഷനിൽ പൊളിഞ്ഞ പൊലീസ് എയ്ഡ് പോസ്റ്റ് പണിയുന്നതിന് ടെൻഡർ ക്ഷണിച്ചു. ഇട്ടിയപാറ മാർക്കറ്റിനോട് ചേർന്ന് മുമ്പുണ്ടായിരുന്ന സൈറൺ മാറ്റി പുതിയത് സ്ഥാപിക്കും.
അനിത അനിൽകുമാർ (പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
വികസന നേട്ടങ്ങൾ ചൂണ്ടികാണിക്കാനില്ല - ഷൈനി രാജീവ്
റാന്നി: റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒരുവർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി ജനം നിരാശരാണ്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ വികസന പദ്ധതികൾ അട്ടിമറിക്കുകയായിരുന്നു. പഞ്ചായത്തിന്റെ പൊതുവികസനത്തിന് പദ്ധതികൾ ആവിഷ്ക്കരിക്കുന്നില്ല.
റാന്നി ടൗണിന്റെ തീരാശാപമായിരുന്ന മാലിന്യ സംസ്ക്കരണ പദ്ധതിയായ തുമ്പൂർമുഴി പദ്ധതി അട്ടിമറിച്ചു. തുമ്പൂർമുഴി, ഹരിത കർമസേന, പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ്, ടൗണിൽ സി.സി ടി.വി സ്ഥാപിക്കൽ, ക്ലീൻ കേരള കമ്പനി എന്നിവ സംയോജിപ്പിച്ചാണ് ടൗണിലെയും വാർഡുകളിലെയും മാലിന്യ നിർമാർജനം ചെയ്തിരുന്നത്.
90 ശതമാനം നിർമാണം പൂർത്തിയാക്കിയ ജണ്ടായിക്കലിലെ വാതക ശ്മശാനം നിർമാണ പ്രവർത്തനം നിലച്ചു. ബസ് സ്റ്റാൻഡ് നവീകരണത്തിന് പദ്ധതികൾ ഇല്ല. കഴിഞ്ഞ ഭരണസമിതി നിർമാണം പൂർത്തീകരിച്ച കൃഷി ഭവൻ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല. ശോച്യാവസ്ഥ നേരിടുന്ന മൃഗാശുപത്രി കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതിയില്ല. മക്കപ്പുഴയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് അവഗണന.
റാന്നി സെന്റ് തോമസ് കോളജിലെ കോവിഡ് കെയർ സെന്റർ പ്രവർത്തനത്തിന് തുടർ നടപടി സ്വീകരിച്ചില്ല. ആന്റോ ആന്റണി എം.പിയുടെ ഫണ്ടിൽനിന്ന് ലഭിച്ച ആംബുലൻസ് നാല് മാസമായി ഉപയോഗിക്കാതെ കിടക്കുന്നു. വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കുമെതിരെ ഒരു വർഷക്കാലത്തിനിടയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ തുടർച്ചയായ 18 ദിവസം സമരം നടത്തേണ്ടിവന്നു.
ഷൈനി രാജീവ് (എൽ.ഡി.എഫ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.