പെരുനാടിന് ആശ്വസിക്കാം; ബഥനിമലയില്‍
text_fieldsറാന്നി: കോന്നി ഞള്ളൂര്‍ അതുമ്പുംകുളത്ത് വനമേഖലയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കടുവയാണ് ബഥനിമലയില്‍ ഭീതിപരത്തിയതെന്ന് അറിഞ്ഞതോടെ ആശ്വാസത്തിൽ പെരുനാട്ടിലെ ജനം.
പെരുനാട് പഞ്ചായത്ത് നാലാം വാർഡിലെ മന്ദപ്പുഴ ഭാഗത്ത് പശുവിനെയും മൂന്നാം വാർഡിലെ ബഥനിമല ഭാഗത്ത് രണ്ടു പശുക്കളെയും രണ്ടാം വാർഡിൽ മൂന്ന് ആടുകളെയും ആക്രമിച്ചുകൊന്ന കടുവയെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇവിടെ ആക്രമണം നടത്തിയത് കടുവയാണെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് സ്ഥിരീകരിക്കാൻ കാമറ ട്രാപ്പുകൾ സ്ഥാപിച്ചിരുന്നു.
ഇതിൽ ലഭിച്ച ചിത്രങ്ങളില്‍നിന്ന് വനം വകുപ്പ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ ചിത്രവും ഞള്ളൂർ അതുമ്പുംകുളത്ത് ചത്തനിലയില്‍ കണ്ടെത്തിയ കടുവയുടെ ചിത്രങ്ങളും തേക്കടി പെരിയാർ ടൈഗർ റിസർവ് അധികൃതർക്ക് നൽകി സ്ഥിരീകരിച്ചാണ് ഒന്നാണെന്ന് ഉറപ്പുവരുത്തിയത്.
വനം വകുപ്പ് വെറ്ററിനറി ഓഫിസർമാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷക്കായി കടുവയെ പിടികൂടുന്നതിനുള്ള അനുമതി ഉത്തരവ് തിരുവനന്തപുരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽനിന്ന് ലഭ്യമായിരുന്നു. തുടര്‍ന്ന് ബഥനി മലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ ഭാഗത്ത് കൂട് സ്ഥാപിച്ച് നിരീക്ഷണം നടത്തി പിടികൂടുന്നതിനുള്ള ശ്രമം വനം വകുപ്പ് നടത്തി. ഇതിനിടയാണ് കോന്നി റേഞ്ചിന്റെ കീഴിലെ നോർത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കോന്നിതാഴം മാളുഭവനത്തിൽ സത്യരാജിന്റെ വീട്ടുപറമ്പിൽ ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്.
ഇതിനാൽ തുടർപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചതായി വനം വകുപ്പ് അറിയിച്ചു. പൊതുജനങ്ങളുടെ ഭാഗത്ത് ഉണ്ടായിരുന്നതായ ആശങ്കകളോ ഭയപ്പാടുകളോ ഇനി ഉണ്ടാകേണ്ടതില്ലെന്നും റാന്നി റേഞ്ച് ഓഫിസര്‍ അറിയിച്ചു. പെരുനാട്ടിൽ ആഴ്ചകൾക്ക് മുമ്പ് വളർത്തുമൃഗങ്ങളെ കൊന്നുതള്ളിയ കടുവ പ്രദേശമാകെ വലിയ ഭീതി പരത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.