തീർഥാടക വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കണം
text_fieldsറാന്നി: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകരുടെ വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കണമെന്നും പ്രദേശവാസികളുടെ അടക്കം വാഹനങ്ങള്‍ തടയരുതെന്നും സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
2018ലെ മഹാപ്രളയത്തിനുശേഷം വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കുന്നില്ല. തീർഥാടകരുടെ എല്ലാത്തരം വാഹനങ്ങളും നിലക്കലില്‍ തടയുകയാണ്. ഇത് ഭക്തരോടുള്ള അനീതിയാണ്. പമ്പയില്‍ ചക്കുപാലം 1,2, ത്രിവേണി, ഹില്‍ടോപ് എന്നീ പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് മുമ്പുണ്ടായിരുന്നത്. ഈ ഗ്രൗണ്ടുകളില്‍ ആയിരക്കണക്കിന് ചെറുവാഹനങ്ങള്‍ പാര്ക്കുചെയ്യാനാകും.
പ്രളയത്തിലടിഞ്ഞ ചളി നീക്കംചെയ്തത് ഇവിടാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് നീക്കം ചെയ്യാനും ഇവിടെ പാര്‍ക്കിങ് അനുവദിക്കാനും മുമ്പ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.
സീസണ് തുടങ്ങുന്നതോടെ വാഹനങ്ങള്‍ നിലക്കല്‍ തടയുമ്പോള്‍ അട്ടതോട് അടക്കമുള്ള സ്ഥലങ്ങളിലെ പ്രദേശവാസികളുടെ സഞ്ചാരമാര്‍ഗം തടയപ്പെടുന്നതായും യോഗം ചൂണ്ടിക്കാട്ടി. അവലോകന യോഗങ്ങളില്‍ വിഷയം ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല സെക്രട്ടറി എ.പി. ജയന് ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗം ആര്. നന്ദകുമാര്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം സക്രട്ടറി ജോജോ കോവൂര്‍, അസി. സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ല കൗണ്‍സിൽ അംഗങ്ങളായ ലിസിദിവാന്‍, എം.വി. പ്രസന്നകുമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.ടി. ലാലച്ചന്‍, എസ്.എസ്. സുരേഷ്, സജിമോന്‍ കടയനിക്കാട്, ലോക്കല്‍ സെക്രട്ടറിമാരായ ജോയി വള്ളിക്കാല, എന്‍.ജി. പ്രസന്നന്, അനില്‍ അത്തിക്കയം, പി.എസ്. സതീഷ്കുമാര്‍, കെ.കെ. വിലാസിനി, ടി.പി. അനില്‍കുമാര്‍, തെക്കേപ്പുറം വാസുദേവന്‍, എം.ശ്രീജിത്, ഹാപ്പി പ്ലാച്ചേരി, ഡി. ശ്രീകല, സി. സുരേഷ്, ജോര്‍ജ് മാത്യു, കബീര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.