ദുരിതം ഒഴിയാതെ പമ്പാതീരത്ത് പൊന്നപ്പനും കുടുംബവും
text_fieldsറാന്നി: പതിനേഴ് വർഷമായി ദുരിതം ഒഴിയാതെ അങ്ങാടിയിൽ പൊന്നപ്പനും കുടുംബവും. റാന്നി അങ്ങാടി ഉപാസന കടവിൽ പമ്പാനദിയുടെ തീരത്ത് താമസിക്കുന്ന മണിമലേത്ത് പൊന്നപ്പന് അടിക്കടിയുണ്ടാകുന്ന പ്രളയം ദുരിതത്തിലാക്കുന്നത്. സ്വന്തമായി ലെയ്ത്ത് വർക്ക്ഷോപ്പ് നടത്തിയായിരുന്നു ഉപജീവനം. ഇപ്പോൾ വർക്ക് ഷോപ്പില്ല. 2018ൽ റാന്നിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പൊന്നപ്പൻ്റെ വർക്ക്ഷോപ്പ് പൂർണ്ണമായും ഒലിച്ചുപോയി. അന്ന് പൊന്നപ്പനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വർക്ക്ഷോപ്പിലെ മെഷനറികൾ പോയങ്കിലും അന്ന് ജീവൻ കിട്ടിയതിൽ സന്തോഷിച്ചു.പമ്പാനദിയുടെ തീരത്തായതിനാൽ ചെറിയ മഴയത്തു പോലും ആദ്യം വീട്ടിൽ വെള്ളം കയറും. ഇവരോടെപ്പം ഉപാസന കടവിൽ താമസിച്ചിരുന്ന മറ്റ് ആറ് കുടുംബങ്ങൾ മാറി പോയി. സ്വന്തമായി സ്ഥലം വാങ്ങി പലരുടെയും സഹായത്തോടെ അവരൊക്കെ തീരം വിട്ടു .നിവൃത്തിയില്ലാത്ത പൊന്നപ്പനും ഭാര്യ ശാന്തി പൊന്നപ്പനും തനിച്ചായി. മകളെ തിരുവനന്തപുരത്ത് വിവാഹം കഴിപ്പിച്ചു വിട്ടു. കഴിഞ്ഞാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ പൊതുപ്രവർത്തകനായ ശ്രീനിശാസ്താംകോവിലും വില്ലേജാഫിസറും കൂടി ഇവരെ ടെങ്കിയിൽ കരയ്ക്കെത്തിച്ചു.
അറുപത്തിരണ്ട് വയസ്സായ പൊന്നപ്പൻ ഇപ്പോൾ നാട്ടിൽ ചെറിയ ജോലികൾ ചെയ്താണ് ജീവിക്കുന്നത്. എന്നും പണിയില്ല. 17 വർഷമായി ഈ വീട്ടിൽ വാടകയ്ക്ക് ആണ് താമസം. വീട്ടുപകരണങ്ങളോ ,പാത്രമോ ഫർണിച്ചറുകളോയില്ല. വാങ്ങുന്നവ വെള്ളത്തിൽ ഒഴുകി പോകും. പണ്ടൊക്കെ വർഷത്തിൽ ഒരു തവണ വീട്ടിൽ നിന്ന് മാറിയാൽ മതിയായിരുന്നു. ഇന്നതല്ല സ്ഥിതിയെന്ന് പൊന്നപ്പൻ മാധ്യമത്തോട് പറഞ്ഞു. എങ്ങെനെയെങ്കിലും ഇവിടുന്ന് മാറി താമസിക്കണമെങ്കിൽ വീടിന് കനത്ത വാടകയും ഡിപ്പോസിറ്റും നൽകണം. വീട്ടുടമ കുറച്ച് വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ട് താമസിക്കുന്നു. ഉപകരണങ്ങൾ ഉണ്ടെങ്കിൽ ലെയ്ത്ത് വർക് ഷോപ്പ് തുടങ്ങാമായിരുന്നെന്ന് പറഞ്ഞു. പണിയുള്ളപ്പോൾ മറ്റ് ലെയ്ത്തുകളിൽ പോയി ജോലി ചെയ്യും.തിരുവല്ലയിൽ നിന്ന് 17 വർഷം മുമ്പ് പണിക്കെത്തിയതാണ് അന്നൊക്കെ പ്രളയം ഇത്രയും ശല്യം ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.