പുതമൺ പാലം വീണ്ടും അടച്ചു
text_fieldsറാന്നി: ബലക്ഷയം നേരിടുന്ന പുതമൺ പാലം അധികൃതരെത്തി വീണ്ടും അടച്ചു. കോഴഞ്ചേരി-ബ്ലോക്കുപടി റോഡിലെ പുതമൺ പാലമാണ് അടച്ചത്. സര്‍വിസ് ബസുകളും മറ്റു വാഹനങ്ങളും ഇതോടെ വീണ്ടും ചുറ്റിത്തിരിഞ്ഞു പോകേണ്ട അവസ്ഥയാണ്. രണ്ടുദിനം സുഗമമായി യാത്ര ചെയ്ത നാട്ടുകാർ വീണ്ടും വഴിയാധാരമായി. കീക്കൊഴൂരിനും വാഴക്കുന്നത്തിനും ഇടയിലുള്ളവർ ഓട്ടോറിക്ഷയെയും ടാക്സിയെയും വീണ്ടും ആശ്രയിക്കേണ്ട അവസ്ഥയായി. പൊതുമരാമത്ത് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം തടഞ്ഞത്. ഒരു കരയിലെ തൂൺ ഇടിഞ്ഞതുമൂലം ബീമുകൾ താഴുകയും സ്ലാബിന് വിള്ളൽ വീഴുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പാലം പാറകൾ ഉപയോഗിച്ച് അടച്ചിരുന്നു. പാലത്തിൽ തടസ്സം സൃഷ്ടിച്ച് വെച്ചിരുന്ന പാറക്കല്ലുകൾ പിന്നീട് ആരോ എടുത്തു മാറ്റിയതോടെയാണ് വാഹനങ്ങൾ ഓടിത്തുടങ്ങിയത്. പാറ കയറ്റി എത്തുന്ന ഭാരവാഹനങ്ങളും ബസും സ്കൂൾ വാഹനങ്ങളും ഓടാൻ തുടങ്ങിയതോടെ പാലത്തിന്റെ നിലവിലെ അവസ്ഥ ഭീതി പരത്തിയിരുന്നു. ഇവിടെ താൽക്കാലിക പാലം നിർമിക്കാൻ കരാറായതായി പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും അറിയിച്ചതോടെ നാട്ടുകാർ വലിയ പ്രതീക്ഷയിലായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നിർമാണപ്രവൃത്തിയും ആരംഭിക്കാതെ വന്നതോടെ ഇരുകരയിലുമുള്ള ജനങ്ങള്‍ക്ക് ദുരിതമാണ്. അടിയന്തരമായി താൽക്കാലിക പാലം നിര്‍മിച്ച് നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.