റാന്നി പാലം നിർമാണം പുനരാരംഭിക്കും
text_fieldsറാന്നി: മുടങ്ങിക്കിടക്കുന്ന റാന്നി പാലത്തിന്റെ നിർമാണം ഉടൻ പുനരാരംഭിക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കാൻ വകയിരുത്തിയ 14.07 കോടി രൂപ ഉൾപ്പെടെ 38.77 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് കിഫ്ബിയുടെ സാമ്പത്തിക അനുമതിക്കായി സമർപ്പിച്ചിരിക്കുന്നതെന്ന് അറിയിച്ചു. സാമ്പത്തികാനുമതി ലഭ്യമായാലുടൻ സാങ്കേതിക അനുമതി നൽകി ടെൻഡർ ചെയ്യാനാകും.
26.76 കോടി രൂപ മുടക്കി നിർമാണം ആരംഭിച്ച പാലത്തിൻറെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ നീണ്ടതോടെ ഇടക്കുവെച്ച് മുടങ്ങി. 317 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിന്റെ 56 പൈലുകളിൽ 45 എണ്ണവും 11 പിയറിൽ ഒമ്പതെണ്ണവും 11 പിയർ ഹെഡിൽ ആറെണ്ണവും 28 ലാഡ് ഗാർഡറിൽ എട്ടെണ്ണവും പൂർത്തീകരിച്ചിരുന്നു. അപ്രോച്ച് റോനായി ഏറ്റെടുക്കേണ്ട സ്ഥലത്തിൽ 22.11 ആർ സ്ഥലം നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരംഭൂമി പരിവർത്തനത്തിന് അനുമതി ലഭിക്കേണ്ടതുണ്ടായിരുന്നു. ഇതിനുള്ള അനുമതിയും ലഭിച്ചു. 10 മീറ്റർ വീതിയിലാണ് അപ്രോച്ച് റോഡ് നിർമിക്കുക. ഇരുവശവും നടപ്പാതയും ഉണ്ടാകും. രാമപുരം-ബ്ലോക്ക് പടി റോഡാണ് റാന്നി കരയിലെ അപ്രോച്ച് റോഡ്. ഉപാസനക്കടവ്-പേട്ട റോഡാണ് അങ്ങാടിക്കരയിലെ അപ്രോച്ച് റോഡ്. നിയമസഭയിൽ പ്രമോദ് നാരായൺ എം.എൽ.എയാണ് വിഷയം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.