സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ റാന്നിയിൽ സംഘർഷം; ലാത്തിച്ചാർജ്
text_fieldsറാന്നി: റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷവും പൊലീസ് ലാത്തിച്ചാർജും. നിരവധി പേർക്ക് പരിക്കേറ്റു. ഇടവിട്ട് സംഘർഷം നടന്നു. അവസാനം പൊലീസ് ലാത്തിച്ചാർജ് നടത്തി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. വൈകീട്ട് ടൗണിൽ സ്ഥാനാർഥികളും പ്രവർത്തകരും പ്രകടനം നടത്തി.
വ്യാഴാഴ്ച രാവിലെ എട്ടിന് റാന്നി വൈ.എം.സി.എ ഹാളിലാണ് വോട്ടെടുപ്പ് തുടങ്ങിയത്. രാവിലെ ഒമ്പതു മുതൽ നേരിയ തോതിൽ ഉന്തുംതള്ളുമായി. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ ഹാളിന്റെ മുറ്റത്തു കൂടിനിന്ന് ബഹളംവെച്ചു. പിന്നീട് പൊലീസ് ഇവരെ പുറത്തിറക്കി ഗേറ്റ് പൂട്ടി. വോട്ടർമാർക്ക് മാത്രം പ്രവേശിക്കാൻ ഒരു ഭാഗം തുറന്നിട്ടു.
എന്നിട്ടും റോഡിൽ നിന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യു.ഡി.എഫ് അനുകൂല സ്ഥാനാർഥികളെ വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് റിട്ടേണിങ് ഓഫിസർ പ്രവേശിക്കാൻ ആദ്യം അനുവദിച്ചില്ലെന്ന് ഇവർ ആരോപിച്ചു. ഇതിനെച്ചൊല്ലി തർക്കം ഉണ്ടായി. ഇതിനിടെ ബാങ്ക് പ്രസിഡന്റും സ്ഥാനാർഥിയുമായ സി.കെ. ബാലനും യു.ഡി.എഫ് പ്രവർത്തകർക്കും മർദനമേറ്റു. ഡി.വൈ.എഫ്.ഐ പ്രവർത്തകരും സ്ഥാനാർഥികൾ ഹാളിൽ കടക്കുന്നത് എതിർത്തു. ഇതുകഴിഞ്ഞ് പുറത്തുണ്ടായ സംഘട്ടനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ തോമസ് കൈതവനക്കും പ്രവർത്തകർക്കും മർദനമേറ്റു. വ്യാപക കള്ളവോട്ട് നടന്നതായി യു.ഡി.എഫ് ആരോപിച്ചു.
കുറച്ച് സ്ഥാനാർഥികൾ ബൂത്തിൽ കയറിയതായും ആക്ഷേപമുണ്ട്. റോഡിലും സംഘർഷമുണ്ടായി.
പൊലീസ് ഉച്ചക്ക് രണ്ടോടെ ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. സംഘർഷങ്ങൾക്കിടയിലും വോട്ടെടുപ്പ് തുടർന്നു.
- കണ്ണൂർ മോഡൽ അക്രമമെന്ന് യു.ഡി.എഫ്
കണ്ണൂർ മോഡലിൽ സംസ്ഥാനത്തൊട്ടാകെ അക്രമത്തിലൂടെ സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും റാന്നിയിൽ അക്രമം നടത്തിയ അതേ സംഘമാണ് തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക് അക്രമം നടത്തി പിടിച്ചെടുത്തതെന്നും ഡി.സി.സി മുൻ പ്രസിഡന്റ് പി. മോഹൻ രാജ് ആരോപിച്ചു.
അടൂർ സ്വദേശിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ സഹകരണ സംഘം തെരഞ്ഞെടുപ്പുകളിൽ അക്രമവും കള്ളവോട്ടും നടത്തുന്നതിന് ചുക്കാൻ പിടിക്കുന്നതെന്നും ഇയാളുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അക്രമസംഭവങ്ങൾക്ക് പിന്നിലെന്നും ആരോപിച്ചു.
- ജയിച്ച ഐക്യമുന്നണി സ്ഥാനാർഥികൾ
റാന്നി: റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർഥികൾ വിജയിച്ചു.
ജനറൽ മണ്ഡലം: അഹമ്മദ് ഷാം, കാട്ടൂർ അബ്ദുൽ സലാം,
ജോജൻ കുര്യൻ, പ്രമോദ് മന്ദമരുതി, സി.കെ. ബാലൻ, മണിയാർ
രാധാകൃഷ്ണൻ, വർഗീസ് ഡാനിയേൽ, ഷാജി ജോസഫ്.
വനിത മണ്ഡലം: പി. കുഞ്ഞന്നാമ്മ, അഡ്വ. ശ്രീകല ഹരികുമാർ, സുജാത വിക്രമൻ.
പട്ടികജാതി- പട്ടികവർഗ മണ്ഡലം: വി.പി. രാഘവൻ.
നിക്ഷേപ മണ്ഡലം: രാജേന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.