റാന്നി പുതിയ പാലം: നിർമാണ തടസ്സങ്ങളൊഴിയുന്നു
text_fieldsറാന്നി: റാന്നി പുതിയ പാലത്തിന്റെ നിർമാണ തടസ്സങ്ങളൊഴിയുന്നു. അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട നിലം റോഡ് നിർമാണത്തിന് പരിവർത്തനം ചെയ്യാനുള്ള അനുമതി ഉത്തരവ് ലഭിച്ചു.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ നിർമാണം നേരത്തേ ആരംഭിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കൽ നടപടികൾ വൈകിയതോടെ ഇടക്ക് മുടങ്ങി. 26 കോടി രൂപ മുടക്കി നിർമിക്കുന്ന പാലത്തിന്റെ നിർമാണച്ചുമതല കെ.ആർ.എഫ്.ബിക്കാണ്.
അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഡേറ്റബാങ്ക് ഉൾപ്പെട്ട റാന്നി വില്ലേജിലെ വിവിധ സർവേ നമ്പറുകളിൽപെട്ട 22.11 ആർ സ്ഥലം നിലമാണ്. കെ.ആർ.എഫ്.ബി എക്സി. എൻജിനീയറുടെ പരാമർശ പ്രകാരം 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 8 പ്രകാരം രൂപവത്കരിച്ച സംസ്ഥാനതല സമിതി ഒക്ടോബറിൽ കൂടിയ യോഗത്തിൽ പരിശോധിച്ച് സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തരംമാറ്റലിന് അനുമതി നൽകിയത്. തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് പ്രകാരം ഭൂമിയുടെ പത്തു ശതമാനം ജല സംരക്ഷണത്തിന് ഓട, കലുങ്ക് തുടങ്ങിയവ നിർമിക്കാൻ മാറ്റിവെക്കണമെന്ന വ്യവസ്ഥയിലാണ് ഭൂമി പരിവർത്തനത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്.
റോഡ് നിർമാണം പൊതുആവശ്യമാണെന്ന് കണ്ടതിനെ തുടർന്നാണ് ഭൂമി തരംതിരിവിനുള്ള അനുമതി ലഭിച്ചത്. ഇനി ഏറ്റെടുക്കുന്ന വസ്തുക്കളുടെ വില നിശ്ചയിക്കുന്ന മുറക്ക് പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാകും. പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കുന്നതോടെ നിർമാണം ടെൻഡർ ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.