റാന്നി പുതിയ പാലം അപ്രോച്ച് റോഡ്: സ്ഥലം ഏറ്റെടുക്കൽ രണ്ട് മാസത്തിനകം
text_fieldsറാന്നി: റാന്നി പുതിയ പാലത്തിെൻറ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 19 (എ) നോട്ടിഫിക്കേഷൻ രണ്ട് മാസത്തിനകം ഇറക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) അധികൃതർ അറിയിച്ചു. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ യോഗത്തിലാണ് അറിയിച്ചത്. വസ്തു ഏറ്റെടുക്കൽ നടപടികളിൽ കുരുങ്ങി നിർമാണം രണ്ടുവർഷമായി മുടങ്ങിക്കിടക്കുകയാണ്.
റാന്നി വില്ലേജിൽ ബ്ലോക്ക്പടി മുതൽ രാമപുരം വരെയും മറുകരയിൽ അങ്ങാടി വില്ലേജിലെ ഉപാസനക്കടവ് മുതൽ പേട്ട ജങ്ഷൻ വരെയുമുള്ള വസ്തുക്കൾ ഏറ്റെടുക്കുന്നതിനാണ് റവന്യൂ നടപടികൾ നടക്കുന്നത്. റവന്യൂ വകുപ്പ് സ്ഥലം തിട്ടപ്പെടുത്താനുള്ള നോട്ടിഫിക്കേഷൻ നേരത്തേ ഇറക്കിയിരുന്നു. 19 ( എ) നോട്ടിഫിക്കേഷൻ ഇറക്കിയാൽ അഡ്വാൻസ് പൊസഷൻ വാങ്ങി വസ്തു ഉടമകളുടെ അനുമതിയോടെ സ്ഥലം ഏറ്റെടുത്ത് നിർമാണം ആരംഭിക്കാം.
പമ്പ നദിയുടെ റാന്നി- അങ്ങാടി കരകളെ ബന്ധിപ്പിച്ച് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയപാലത്തിന് സമാന്തരമായാണ് പുതിയപാലം നിർമിക്കുന്നത്. റാന്നി, മാമുക്ക് ഇട്ടിയപ്പാറ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പാലം ബ്ലോക്ക് പടി മുതൽ പൊന്തൻപുഴ വരെ സംസ്ഥാനപാതക്ക് സമാന്തര പാതയും തീർക്കും.
ചെറുവള്ളി എസ്റ്റേറ്റിലെ നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് മുന്നിൽ കണ്ടുകൊണ്ടാണ് ഈ വികസന രൂപരേഖ തയാറാക്കിയിരിക്കുന്നത്. 26 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നദിയിലെ തൂണുകളുടെ നിർമാണം ഭാഗികമായി നടത്തിയെങ്കിലും സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡുകൾ നിർമിച്ചാൽ മാത്രമേ ബാക്കി ആരംഭിക്കാനാകൂ. ഇത് കാരണമാണ് നിർമാണം നിർത്തിെവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.