റാന്നി താലൂക്ക് ആശുപത്രിയിൽ നിന്നുതിരിയാൻ ഇടമില്ല
text_fieldsറാന്നി: മലയോര മേഖലയിലെ പാവപ്പെട്ട രോഗികളുടെ അത്താണിയാണ് റാന്നി താലൂക്ക് ആശുപത്രി. ദിനംപ്രതി 800 മുതൽ 1000 വരെ രോഗികളാണ് ഒ.പിയിൽ എത്തുന്നത്. പനിക്കാലത്ത് ഇതിന്‍റെ കണക്ക് വർധിക്കും. ആരോഗ്യ മേഖലയിൽ പിന്നാക്കം നിൽക്കുന്ന താലൂക്കാണ്. സൂപ്പർ സ്പെഷാലിറ്റി എന്നല്ല മെച്ചപ്പെട്ട സ്വകാര്യ ആശുപത്രിപോലും സമീപത്തെങ്ങുമില്ല.
നിരവധി ആദിവാസി - പട്ടികജാതി കോളനികളുള്ള താലൂക്കാണിത്. അവരുടെ ആശ്രയമാണ് ഈ ആശുപത്രി. റാന്നി താലൂക്ക് ആശുപത്രിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും പരിമിതിയിലാണ്. അടുത്ത കാലത്ത് കമ്യൂണിറ്റി ഹെൽത്ത് സെൻററിന്‍റെ നിലവാരമായിരുന്നു. അടുത്തിടെ ആശുപത്രി ഉയർച്ചയിൽ എത്തിയെങ്കിലും ഇപ്പോഴും പരിമിതിയിൽ വീർപ്പുമുട്ടുകയാണ്. കെട്ടിടത്തിന്‍റെ പരിമിതിയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സ്റ്റാഫ് നഴ്സുമാരുടെയും കുറവാണ് പ്രധാനം. 105 ബെഡ് ഇവിടെ പരിമിതമാണ്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് നിന്നുതിരിയാൻ ഇടമില്ല.
സ്ഥലപരിമിതിയാണ് പ്രശ്നം. അടുത്തകാലത്ത് പുതുതായി ഒരു ബ്ലോക്കിന്‍റെ പ്രവർത്തനം ആരംഭിച്ചെങ്കിലും പര്യാപ്തമായില്ല. പുതിയ കെട്ടിടം പണിയുന്നതിന് സമീപത്ത് തന്നെ 56 സെൻറ് സ്ഥലം കണ്ടെത്തി വിലയ്ക്ക് വാങ്ങാനാണ് നീക്കം. ഏഴുനില കെട്ടിടമാണ് ഉദ്ദേശിക്കുന്നത്.
സ്ഥലം വാങ്ങാൻ കിഫ്ബിയിൽനിന്ന് പണം അനുവദിച്ചിട്ടുണ്ട്. പി.എസ്.സി വഴിയുള്ള നഴ്സുമാരുടെ നിയമനമില്ല. ആകെ 16 സ്റ്റാഫ് നഴ്സുമാരാണുള്ളത്. വളൻറിയറും എൻ.എച്ച്.എം വഴി ഇപ്പോൾ പരിഹരിക്കുകയാണ്. ജില്ലക്ക് അനുവദിച്ചതിൽ മൂന്ന് സ്റ്റാഫിനെ ഇവിടെ ലഭിച്ചു. ഒരു സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, ഒരു ക്ലർക്ക്. 24 ഡോക്ടർമാരുടെ സേവനം ഇവിടെ ലഭിക്കുന്നുണ്ട്.
എം.എൽ.എ ഇടപെട്ട് കുറെ സ്പോൺസർമാരെ കണ്ടതിനാൽ ആവശ്യത്തിന് ഉപകരണങ്ങളുണ്ട്. കീ ഹോൾ ശസ്ത്രക്രിയയും നടക്കുന്നു. മാസത്തിൽ ശരാശരി നൂറ്റി അമ്പതോളം പ്രസവം നടക്കുന്നുണ്ട്. ദന്തഡോക്ടർ ഉണ്ടെങ്കിലും കമ്പിയിടൽ, പല്ലുവെപ്പ് എന്നിവ ഒന്നുമില്ല. നേത്ര ഡോക്ടറുടെ തസ്തികയില്ല. മേജർ ശസ്ത്രക്രിയകളും നടക്കുന്നു. ഐ.സി.യു, വെന്‍റിലേറ്റർ, ഡയാലിസിസ് എല്ലാം താലൂക്ക് ആശുപത്രിയിലുണ്ട്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.