വ്യവസായ പുരോഗതി കാത്ത് റാന്നി
text_fieldsറാന്നി: മലനാടിെൻറ റാണിയായ റാന്നി പുതിയ ഭരണമാറ്റത്തിലേക്ക് കടക്കുമ്പോൾ പ്രഥമമായി ആഗ്രഹിക്കുന്നത് വ്യവസായ, കാർഷിക മേഖലയുടെ പുരോഗതിയാണ്. വ്യവസായ രംഗത്ത് റാന്നി ഏറ്റവും പിന്നാക്കമാണ്. റബർ അധിഷ്ഠിത വ്യവസായത്തിന് പറ്റിയ വളക്കൂറുള്ള മണ്ണാണെങ്കിലും റാന്നി ചെറുകിട റബർ വ്യവസായ സ്ഥാപനങ്ങൾ മാത്രമേ നിലവിലുള്ളൂ. റബർ പാർക്ക് സ്ഥാപിക്കുന്ന പ്രഖ്യാപനം പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായെങ്കിലും നടപടി ആയിട്ടില്ല. ശബരിമല, പമ്പ, ഗവി, പച്ചകാനം, പെരുന്തേനരുവി തുടങ്ങിയ ടൂറിസം സെൻറുകൾ കേന്ദ്രീകരിച്ച് അവയൊക്കെ തമ്മിൽ ബന്ധിപ്പിച്ച് ടൂറിസം വികസനത്തിനുള്ളതാകുന്ന ക്രമീകരണവും റാന്നിയിൽ ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്.
വരുമോ കർഷകർക്ക് പ്രത്യക പാക്കേജ്
മലയോര മേഖലയിൽ കാർഷിക വളർച്ചക്ക് ഉണർവ് പകരുന്ന പദ്ധതികൾ ആവിഷ്കരിക്കണം എന്നതാണ് കർഷകരുടെ ആവശ്യം. റാന്നി ഇപ്പോൾ കാർഷിക വികസനത്തിൽ വളരെയധികം പിന്നാക്കം പോയ നിലയിലാണ്. കർഷകർക്കും കാർഷിക ഉൽപാദന വളർച്ചക്കും ഉതകുന്ന പദ്ധതികൾ ഒന്നും തന്നെയിെല്ലന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ കർഷകർ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നം വന്യമൃഗങ്ങളുടെ ശല്യമാണ്. കർഷകർ വിളവെടുക്കുന്നതിന് മുമ്പ് കാട്ടുപന്നി വിളവെടുക്കുന്നു. കർഷകർ െവച്ചുപിടിപ്പിക്കുന്ന കപ്പ, ചേന, കാച്ചിൽ, വാഴ തുടങ്ങിയ വിളകൾ നാട്ടിലിറങ്ങുന്ന പന്നികൾ നശിപ്പിക്കും. ഇവ തടയിടാൻ പദ്ധതികൾ ഒന്നും തന്നെയില്ല. അതിനാൽ ഇത്തരം കൃഷിയിൽനിന്ന് കർഷകർ പിന്നോട്ടുപോകുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് റാന്നി പഞ്ചായത്തിലെ തെക്കേപ്പുറം ഭാഗത്ത് ഒരാളെ പന്നി കൊലപ്പെടുത്തി. കൂടാതെ നിരവധി ആക്രമണങ്ങളിൽ കർഷകർക്ക് പരിക്കും ഏൽക്കേണ്ടിവരുന്നു. ഇതിനു പരിഹാരം കാണാനായി രണ്ട്, മൂന്ന് പഞ്ചായത്തുകളിൽ ജനജാഗ്രത സമിതി കൂടി ലൈസൻസ് ഉള്ളവർക്ക് പന്നിയെ വെടിവെക്കാൻ അനുമതി നൽകിയെങ്കിലും ഫലം ചെയ്തില്ല. കുറഞ്ഞ ദിവസത്തേക്ക് മാത്രമേ വെടിവെക്കാൻ വനംവകുപ്പിൽനിന്നുള്ള അനുമതിയും നൽകൂ. തോക്ക് ലൈസൻസുള്ളവരും കുറവാണ്. കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വിപണിയിൽ വിലയും ലഭിക്കുന്നില്ല. വിത്തിനും വളത്തിനും നല്ല വിലകൊടുത്ത് കൃഷിയിറക്കുമ്പോൾ ലഭിക്കുന്ന വിളയ്ക്ക് വിലയും ഇല്ല. കഴിഞ്ഞവർഷം കിലോക്ക് 200 മുതൽ 250 രൂപ വരെ കിട്ടിയിരുന്ന ഇഞ്ചിക്ക് ഇത്തവണ 50ൽ താഴെ വിലയുള്ളൂ. കർഷകരെ സഹായിക്കാൻ താങ്ങുവിലയും നിശ്ചയിച്ചിട്ടില്ല. നൂറുകണക്കിന് ഏക്കർ പാടങ്ങൾ തരിശായി കിടക്കുകയാണ്. ആരും നെൽകൃഷി ഇറക്കുന്നില്ല.
മാലിന്യത്തിൽനിന്ന് രക്ഷിക്കണം
റാന്നി ടൗണും പരിസരപ്രദേശങ്ങളും ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് മാലിന്യം. പഞ്ചായത്തുകൾ രൂപവത്കരിച്ച പദ്ധതികളെല്ലാം പാളിയിരിക്കുകയാണ്. റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളുടെ സിരാ കേന്ദ്രങ്ങൾ ചേർന്നാണ് ടൗൺ രൂപംകൊണ്ടിട്ടുള്ളത്. മാലിന്യം മൂലമുള്ള പരിസ്ഥിതി പ്രശ്നം ഇവിടെ കാലങ്ങളായി തുടരുന്നു. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും തള്ളുന്ന മാലിന്യം തുറസ്സായ സ്ഥലത്ത് വലിച്ചെറിയുകയാണ്. പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകൾ തുമ്പൂർമൂഴി മോഡൽ പദ്ധതികൾ നടപ്പാക്കിയെങ്കിലും പരാജയമായിരുന്നു. വ്യാപാരികളും പദ്ധതിയുമായി സഹകരിച്ചില്ലെന്ന് പരാതി ഉയർന്നു. ശേഖരിക്കുന്നവ സംസ്കരിക്കുന്നതിനും നീക്കം ചെയ്യുന്നതിൽനിന്ന് പഞ്ചായത്തുകൾ പിന്നാക്കംപോയി. ടൗണിനെ ചുറ്റി ഒഴുകുന്ന വലിയതോടും മാലിന്യവാഹിനിയായി മാറി. ചീഞ്ഞതും അല്ലാത്തതുമായ മാലിന്യം തോട്ടിൽ കൊണ്ട് തള്ളുന്ന പ്രവണതയായി. ഇവ ഒഴികിയെത്തി പമ്പാനദിയിൽ പതിക്കുന്നത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നത് പുതിയ ജനപ്രതിനിധി കാണാതെപോകരുതെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. കുറവുകൾ പരിഹരിച്ച് വലിയ മാലിന്യ സംസ്കരണ പ്ലാൻറ് തന്നെ റാന്നിക്ക് വേണം.
ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനി
മണ്ഡലത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഇന്നും കുടിവെള്ളം കിട്ടാക്കനിയാണ്. വർഷത്തിൽ ആറുമാസം മാത്രം കിണറുകളിൽ വെള്ളം ലഭിക്കും. വേനൽക്കാലത്ത് കുടവുമായി താഴെ ഇറങ്ങേണ്ട അവസ്ഥയാണ്. പഞ്ചായത്ത് കേന്ദ്രങ്ങളിൽ പദ്ധതികൾ ഉണ്ടെങ്കിലും ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് വെള്ളം കിട്ടുന്നില്ല. പദ്ധതികൾക്ക് ശേഷിയും കുറവാണ്. വേനൽക്കാലത്ത് പമ്പയിൽ ജലലഭ്യത കുറയുമ്പോൾ പമ്പിങ് പൂർണമാകില്ല. ഇത് മൂലം ലൈനുകൾ ഇട്ടിരിക്കുന്ന പല സ്ഥലങ്ങളിലും വെള്ളം ആവശ്യത്തിന് കിട്ടില്ല. ജലനിധി പദ്ധതികൾ തുടങ്ങിയ പഞ്ചായത്തുകൾ വേണ്ടത്ര വിജയിച്ചില്ലെന്നുമാത്രമല്ല പലയിടത്തും മുടങ്ങിയതായി പരാതിയുണ്ട്. പുതുതായി തുടങ്ങിയ അയിരൂർ-കാഞ്ഞിറ്റുകര കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈനുകൾ കൂടുതൽ നീട്ടണം. പലയിടത്തും പൊതു കുഴൽക്കിണറുകൾ കേടായത് നന്നാക്കിയാൽ പൈപ്പുലൈനുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ വേനൽക്കാലത്ത് ഗുണംചെയ്യും
ഒഴിയുമോ ഗതാഗതക്കുരുക്ക്?
റാന്നി ടൗൺ പുനലൂർ മൂവാറ്റുപുഴ റോഡ് വികസിപ്പിക്കുന്നതോടെ എല്ലാ തരത്തിലും മാറ്റങ്ങൾ സംഭവിക്കുമെങ്കിലും ഗതാഗതക്കുരുക്ക് പൂർണമായിട്ടും ഒഴിവാകുന്നില്ല.
സമാന്തരമായി നിർമിക്കുന്ന റോഡും വലിയ പാലത്തിന് സമാന്തരമായുള്ള പുതിയ പാലത്തിെൻറയും പണി അടിയന്തരമായിട്ട് പൂർത്തീകരിക്കാൻ പുതിയ എം.എൽ.എക്ക് സാധിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ രണ്ട് റോഡുകളും റാന്നി ടൗണിൽ നിലവിൽ വരുമ്പോൾ ഈ പ്രധാന റോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കൂടുതൽ ലിങ്ക് റോഡുകൾ ആവശ്യമാണ്. ഇപ്പോൾ നിലവിൽ മാമുക്കിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് പടിക്കൽ നിന്നും മിനർവ പടിക്കൽ നിന്നും ഉള്ള മൂന്ന് ലിങ്ക് റോഡുകളെ ഈ റോഡുകളുമായിട്ട് ടൗണിൽ ബന്ധിപ്പിക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.