വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാതെയുള്ള റോഡ് നിർമാണം തടഞ്ഞു
text_fieldsറാന്നി: എസ്.സി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ സുരക്ഷ ഒരുക്കാതെയുള്ള റോഡ് നിർമാണം സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ എസ്.സി പടി ജങ്ഷനിലെ തോടിനോടുചേർന്നുള്ള കോൺക്രീറ്റിങ്ങാണ് വിവാദമായത്. ചെത്തോങ്കര മുതൽ എസ്.സി പടിയിലെ പെട്രോൾ പമ്പ് വരെയുള്ള ഭാഗം വീതി വർധിപ്പിച്ച് തോട്ടിലേക്ക് ഇറക്കിക്കെട്ടിയിരുന്നു. എന്നാൽ, സ്കൂൾ വിദ്യാർഥികൾ ബസ് കാത്തുനിൽക്കുന്ന ജങ്ഷനിൽ തോടിനോട് ചേർന്ന് പഴയ കൽക്കെട്ടിനുമുകളിലായി കരാർ കമ്പനി കോൺക്രീറ്റ് ചെയ്തു. ഇതേതുടർന്ന് സ്കൂൾ അധികൃതർ വിഷയം പ്രമോദ് നാരായണൻ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തി.
സ്കൂളിൽ ചേർന്ന സർവകക്ഷി യോഗം വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ ഭാഗത്ത് റോഡിന് വീതി വർധിപ്പിക്കുക, സ്കൂളിന്റെ പ്രവേശന കവാടത്തിലെ പഴയപാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുക, ബസ്ബേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എം.എൽ.എ, കെ.എസ്.ടി.പി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇതിനിടയാണ് കരാർ കമ്പനി ഇവിടെ റോഡിന് വീതി വർധിപ്പിക്കാതെ പഴയനിലയിൽതന്നെ നിർമാണം വീണ്ടും ആരംഭിച്ചത്. വിവരമറിഞ്ഞ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, സർവകക്ഷി സംഘാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തികൾ തടയുകയായിരുന്നു.
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, പഴവങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡൻറ് അനു ടി. ശാമുവേൽ, പ്രിൻസിപ്പൽ ലീന ആനി ഏബ്രഹാം, ഹെഡ്മാസ്റ്റർ ജേക്കബ് ബേബി, അധ്യാപകരായ മാത്യു തോമസ്, ബെറ്റ് സി.കെ. ഉമ്മൻ, സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ജയൻ, പി. വർഗീസ്, പി.ടി.എ പ്രസിഡന്റ് ഷൈനി രാജീവ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.