നട തുറക്കാൻ ദിവസങ്ങൾ; റാന്നിയിൽ ശബരിമല ഒരുക്കങ്ങൾക്ക് മെല്ലെപ്പോക്ക്
text_fieldsറാന്നി: മണ്ഡല മകരവിളക്കിന് ശബരിമല നട തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ റാന്നിയിൽ ഒരുക്കങ്ങൾക്ക് മെല്ലെപ്പോക്ക്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ ലക്ഷക്കണക്കിന് തീർഥാടകർ കടന്നുപോകുന്നത് ഇതുവഴിയാണ്. റാന്നിയിൽ രാമപുരം ക്ഷേത്രത്തിനോട് ചേർന്ന് മാത്രമാണ് ഇടത്താവളത്തിന് സൗകര്യങ്ങൾ ക്രമീകരിക്കാറുള്ളത്. എന്നാൽ, ഇവിടെ പലപ്പോഴും വെയിലും മഴയുമേറ്റാണ് തീർഥാടകർ കഴിയുന്നത്. ടോയ്ലറ്റുകളുടെ എണ്ണത്തിലെ കുറവും തീർഥാടകരെ വലക്കാറുണ്ട്. ക്ഷേത്രത്തിൽ വിരിവെക്കുന്ന തീർഥാടകർ പലപ്പോഴും കുളിക്കാനും മറ്റും റാന്നി വലിയ പാലത്തോട് ചേർന്ന് പമ്പാനദിയിൽ എത്താറുണ്ട്. അപകട മേഖലയായ ഇവിടെ മുൻകരുതൽ ബോർഡില്ല. തീർഥാടന കാലത്ത് മുങ്ങൽ വിദഗ്ധരെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. വഴിയിടങ്ങൾ എന്ന പേരിൽ വടശ്ശേരിക്കര പഞ്ചായത്തിൽ ക്രമീകരിച്ച വിശ്രമ കേന്ദ്രവും ടോയ്ലറ്റ് സംവിധാനങ്ങളും തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാണ്. പെരുനാട് ളാഹ സത്രത്തോട് ചേർന്ന് നിരവധി കടകളും മറ്റും തീർഥാടന കാലത്ത് ആരംഭിക്കുമെങ്കിലും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ ഇവിടെ സ്ഥിരം സംവിധാനമില്ല. അടിയന്തര പരിഹാരം വേണമെന്നാണ് അയ്യപ്പ സേവാ സംഘം ഉൾപ്പെടെ സംഘടനകളുടെ ആവശ്യം.
മണ്ണാറക്കുളഞ്ഞി-ശബരിമല പാതയിലെ ഇടത്താവളമാണ് വടശ്ശേരിക്കര. ശബരിമലയിലേക്കും മടക്കയാത്രയിലും അയ്യപ്പഭക്തർ വിരിവെച്ചു വിശ്രമിച്ചു മടങ്ങുന്നത് ഇവിടെയാണ്. നിരവധി അയ്യപ്പഭക്തരെത്തുന്ന ഇടത്താവളമായിട്ടും അതിനുതക്ക ക്രമീകരണങ്ങളൊന്നും ഇവിടെ ചെയ്തിട്ടില്ല.
വെളിച്ചമില്ല, ശുചിമുറിയില്ല
റാന്നി മന്ദിരം-വടശ്ശേരിക്കര, മണ്ണാറക്കുളഞ്ഞി പമ്പാ, വടശ്ശേരിക്കര, ചിറ്റാർ ശബരിമല പാതകളെല്ലാം പഞ്ചായത്തിലൂടെ കടന്നുപോകുന്നവയാണ്. തീർഥാടന കാലത്ത് പാതകളിൽ വെളിച്ചം കാര്യക്ഷമമാക്കണം. ചില പഞ്ചായത്തുകളിൽ ബൾബുകൾ സ്ഥാപിച്ചിട്ടുണ്ട്.
വടശ്ശേരിക്കര പഞ്ചായത്ത് ചെറുകാവ് അമ്പലത്തിനു സമീപം നിർമിച്ച ശുചിമുറി സമുച്ചയം മാത്രമാണ് ഇപ്പോൾ ഉപയോഗിക്കാനാകുന്നത്. ഗവ. എൽ.പി സ്കൂളിന്റെ സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്തും ഭാരത് പെട്രോളിയം കോർപറേഷന്റെ ഫണ്ട് ചെലവഴിച്ച് ജില്ല ഭരണകൂടവും 10 വീതം ശുചിമുറി സമുച്ചയം നിർമിച്ചിട്ടുണ്ട്. വെള്ളവും വെളിച്ചവുമെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്. അവ കാടുമൂടിക്കിടക്കുന്നത് നീക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ജില്ല ഭരണകൂടം നിർമിച്ച സമുച്ചയം പ്രയോജനപ്പെടുത്തും മുമ്പേ തകർന്ന നിലയിലാണ്. സാമൂഹികവിരുദ്ധരാണ് ശുചിമുറികൾക്കുള്ളിൽ നാശം വരുത്തിയത്. അവ പഞ്ചായത്തിന്റെ ചെലവിൽ വൃത്തിയാക്കി ലേലംചെയ്യണമെന്നാണ് ആവശ്യം.
ഉപകാരപ്പെടാത്ത വിശ്രമകേന്ദ്രം
ചെറുകാവ് ദേവീക്ഷേത്രത്തിനു മുന്നിൽ നിർമിച്ച മിനി ഓഡിറ്റോറിയത്തിലും പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിലുമാണ് അയ്യപ്പഭക്തർ വിശ്രമിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും ഇവിടെ തന്നെയാണ്.
അയ്യപ്പഭക്തർക്ക് ഇവിടെ വിശ്രമകേന്ദ്രം നിർമിച്ചിരുന്നു. ഗവ. എൽ.പി സ്കൂളിന്റെ 30 സെന്റ് സ്ഥലം ഏറ്റെടുത്താണ് ടൂറിസം വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് കേന്ദ്രം പണിതത്. 2000 ഫെബ്രുവരി മൂന്നിന് ശിലയിട്ട് 2001 ഡിസംബർ 14നാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്ന് തട്ടുകളായായിരുന്നു നിർമാണം. കല്ലാറിന് അഭിമുഖമായി നാല് മുറികൾ, ഡോർമിറ്ററികൾ, ശുചിമുറികൾ, ഭക്ഷണശാല എന്നിവയെല്ലാം ക്രമീകരിച്ചിരുന്നു. തുടക്കത്തിൽ ഡോർമിറ്ററികളും മുറികളും വാടകക്ക് നൽകിയിരുന്നു. ഡോർമിറ്ററികളുടെ തറ പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടതോടെ അയ്യപ്പഭക്തർ എത്താതായി.
പിന്നീട് കുടുംബശ്രീ ഹോട്ടൽ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇടത്താവള ശുചീകരണത്തിന് എല്ലാ വർഷവും തൊഴിലാളികളെ പഞ്ചായത്ത് നിയോഗിക്കാറുണ്ട്. അവർ സംഭരിക്കുന്ന മാലിന്യം സംസ്കരിക്കാൻ സംവിധാനമൊന്നുമില്ല. പ്ലാസ്റ്റിക് മാലിന്യം ചന്തയിലെ ഷെഡുകളിൽ സൂക്ഷിക്കും. വേഗം ചീയുന്ന മാലിന്യം ചന്തയിലെ കുഴിയിൽ തള്ളി കത്തിച്ചുകളയുകയാണ്. ടൗണിലെ ഹോട്ടലുകളിൽ മാലിന്യ- മലിനജല സംസ്കരണ സംവിധാനം പരിമിതമാണ്. ഓടയിലേക്ക് മലിനജലം തുറന്നുവിടുകയാണെന്നും പരാതിയുണ്ട്.
പ്രാഥമിക ചികിത്സ സൗകര്യം പോലുമില്ല
ഇടത്താവളത്തിൽ ഫസ്റ്റ് എയ്ഡ് നൽകാനും സൗകര്യമില്ല. വടശ്ശേരിക്കര ടൗണിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് എഫ്.എച്ച്.എസി പ്രവർത്തിക്കുന്നത്. ചെറിയ ചികിത്സക്കും അവിടെയെത്തണം. തീർഥാടന കാലത്ത് താൽക്കാലിക സംവിധാനമായി എഫ്.എച്ച്.സിയുടെ ഒ.പി തുറക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.