റാന്നി പഞ്ചായത്ത് പ്രസിഡൻറിനെതിരെ കൂറുമാറ്റത്തിന് കേസ്
text_fieldsപ്രസിഡൻറ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശോഭാ ചാർളി ഒന്നാം കക്ഷിയായും ബി.ജെ.പി നിയോജക മണ്ഡലം
പ്രസിഡൻറ് ഷൈൻ ജി. കുറുപ്പ് രണ്ടാം കക്ഷിയായും ഒപ്പുെവച്ച കരാർ സംസ്ഥാന തലത്തിൽ ചർച്ചയായിരുന്നു
റാന്നി: റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും കേരള കോൺഗ്രസ് എം. നേതാവുമായ ശോഭാ ചാർളിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കൂറുമാറ്റ നിരോധന നിയമപ്രകാരം കേസെടുത്തു. പഞ്ചായത്ത്അംഗം കെ.ആർ. പ്രകാശ് നൽകിയ പരാതിയിലാണ് നടപടി.
കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമം - 1999 പ്രകാരം കെ.എസ്.ഇ.സി 19/2021 നമ്പരായാണ് കേസ് രജിസ്റ്റർ ചെയ്തത്. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ചു വീതവും ബി.ജെ.പി ക്ക് രണ്ടും അംഗങ്ങളാണ് ഉള്ളത്. പത്താം വാർഡ് ഉതിമൂട്ടിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥിയായി രണ്ടില ചിഹ്നത്തിൽ വിജയിച്ച ശോഭാ ചാർളിയും എൽ.ഡി.എഫിെൻറ അഞ്ച് അംഗങ്ങളിൽ ഉൾപ്പെടും. ശേഷിക്കുന്ന ഒരംഗം സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട കെ.ആർ. പ്രകാശ് ആണ്. 2020 ഡിസംബർ 30 നായിരുന്നു പ്രസിഡൻറ് തെരഞ്ഞെടുപ്പ്. സി.പി.എം റാന്നി ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡൻറും കൂടിയായ ശശികല രാജശേഖരനായിരുന്നു എൽ.ഡി.എഫിെൻറ പ്രസിഡൻറ് സ്ഥാനാർഥി. തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചപ്പോൾ ഒരു ബി.ജെ.പി അംഗം ശോഭാ ചാർളിയെ സ്ഥാനാർഥിയായി നാമനിർദേശം ചെയ്തു. രണ്ടാമത്തെ ബി.ജെ.പി അംഗം പിൻതാങ്ങി. ശശികല രാജശേഖരെൻറ പേര് നിർദേശിക്കാൻ ചുമതലപ്പെടുത്തിയിരുന്ന സി.പി.എം അംഗം മൗനം പാലിക്കുകയും ചെയ്തു. കെ.ആർ. പ്രകാശ് ആയിരുന്നു യു.ഡി.എഫ് നിർദേശിച്ച സ്ഥാനാർഥി. എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ശോഭാ ചാർളിക്ക് വോട്ടു ചെയ്തു.
പ്രസിഡൻറ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ശോഭാ ചാർളി ഒന്നാം കക്ഷിയായും ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് ഷൈൻ ജി. കുറുപ്പ് രണ്ടാം കക്ഷിയായും ഒരു കരാർ ഒപ്പുെവച്ചിരുന്നു. മേലിൽ എൽ.ഡി.എഫുമായി ഒരു സഹകരണവും താൻ പുലർത്തില്ല എന്ന് ഒന്നാം കക്ഷിയും പകരം ബി.ജെ.പിയുടെ വാർഡംഗങ്ങൾ ഒന്നാം കക്ഷിക്ക് വോട്ടു ചെയ്യും എന്ന് രണ്ടാം കക്ഷിയും കരാറിൽ ഉറപ്പു നൽകുന്നു. 2020 ഡിസംബർ മുപ്പതിന് ശോഭാ ചാർളിയുടെ പേരിൽ വാങ്ങിയ 200 രൂപയുടെ മുദ്രപ്പത്രത്തിലാണ് കരാർ തയാറാക്കിയത്. തെരഞ്ഞെടുപ്പിനു ശേഷമാണ് ഷൈൻ ജി. കുറുപ്പ് ഈ കരാർ പുറത്തുവിടുന്നത്. തൊട്ടു പിന്നാലെ ശോഭാ ചാർളിയെ മുന്നണിയിൽനിന്നും പുറത്താക്കിയതായി എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ ടി.എൻ. ശിവൻകുട്ടി വാർത്താക്കുറിപ്പിറക്കി.
രഹസ്യ കരാർ തങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് എൽ.ഡി.എഫിെൻറയും സി.പി.എമ്മിെൻറയും അവകാശവാദം. പിന്നീടുനടന്ന ആരോഗ്യം - വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഗീതാ സുരേഷിന് ശോഭാ ചാർളി വോട്ടു ചെയ്തു. ശോഭാ ചാർളിയുടെ നടപടികൾ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ( കൂറുമാറ്റം നിരോധിക്കൽ) നിയമം - 1999െൻറ പരിധിയിൽ വരും എന്നതിനാലാണ് തെരഞ്ഞെടുപ്പ് കമീഷൻ കേസ് എടുത്തത്. തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നുള്ള അയോഗ്യത, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് തുടങ്ങിയവയാണ് കൂറുമാറ്റത്തിന് നിയമം അനുശാസിക്കുന്ന ശിക്ഷകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.