അപ്രോച്ച് റോഡിന് ഉറപ്പില്ല; പുതമൺ താൽക്കാലിക പാലം നിർമാണം വൈകുന്നു
text_fieldsറാന്നി: പുതമൺ താൽക്കാലിക പാലം നിർമാണം പൂർത്തിയാക്കാനാകാതെ അനന്തമായി നീളുന്നു. അപ്രോച്ച് റോഡിനുള്ള മണ്ണിന് ഉറപ്പില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. മണ്ണിന് ഉറപ്പു വരുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുമില്ല.
പഴയപാലത്തിന് സമാന്തരമായി തോട്ടിൽ കോൺക്രീറ്റ് പൈപ്പുകളടുക്കി താൽക്കാലിക പാലം ഭാഗികമായി പൂർത്തികരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ പണി മുടങ്ങിക്കിടക്കുകയാണ്. ഇതോടെ ശബരിമല സീസണിന് മുമ്പായി പാലം തുറന്നുകൊടുക്കുമെന്ന സർക്കാർ ഉറപ്പും പാഴായി. 2023 ജനുവരി 25നാണ് മേലുകര - റാന്നി സംസ്ഥാന പാതയിലെ പുതമൺ പാലത്തിന്റെ ഒരു വശം തകർന്നത്. താൽക്കാലിക പാലത്തിനൊപ്പം പുതിയ പാലത്തിന്റെ പണിയും ആരംഭിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി.
ശബരിമല സീസൺ പ്രമാണിച്ച് താൽക്കാലിക പാലത്തിന്റെ പണി അതിവേഗം തീർക്കാൻ പൊതുമരാമത്ത് വകുപ്പ് ഉത്തരവിടുകയായിരുന്നു. കരാർ പ്രകാരം നവംബർ എട്ടിനാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ പാലം തകർന്ന് ഒരു വർഷം കഴിഞ്ഞിട്ടും ജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായില്ല. ചെറുകോൽ, നാരങ്ങാനം, റാന്നി പഞ്ചായത്തുകളിലെ ജനങ്ങളാണ് യാത്രാദുരിതം ഏറെ അനുഭവിക്കുന്നത്. പത്ത് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടതായി വരുന്നു.
അനുവദിച്ചഎസ്റ്റിമേറ്റ് തുകയിൽ ഇനിയും വർധനവുണ്ടായെങ്കിലെ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാക്കാൻ കഴിയൂ. പാടം നികത്തിയാണ് അപ്രോച്ച് റോഡ് നിർമ്മിച്ചത്. തെങ്ങിൻതടി പൈലടിച്ച് മണ്ണിൽ ഉറപ്പു വരുത്തിയ ശേഷമെ അപ്രോച്ച് റോഡിലൂടെ ഭാരവാഹനങ്ങൾക്ക് കടന്നു പോകാനാകൂ. മുമ്പ് മണ്ണിന്റെ ഉറപ്പ് ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പു വരുത്തിയ സ്ഥലത്ത് വീണ്ടും മണ്ണിന് ഉറപ്പു വരുത്താനുള്ള നടപടി ക്കാണ് അധിക ചിലവ് വരുന്നത്. നിർമ്മാണം അനന്തമായി നീളുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. താൽക്കാലിക പാലത്തിന്റെ പണി അടിയന്തിരമായി തീർക്കാൻ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.