കുരുമ്പൻമൂഴിയിൽ കുട്ടിയാനയെ കണ്ടെത്തി
text_fieldsറാന്നി: കുരുമ്പൻമൂഴി റബർ തോട്ടത്തിൽ അവശനിലയിൽ കുട്ടിയാനയെ കണ്ടെത്തി. പ്രസവിച്ച് മണിക്കൂറുകൾ മാത്രമായ കുട്ടിയാന കൂട്ടം തെറ്റിയതോ ഉപേക്ഷിക്കപ്പെട്ടതോ ആകാമെന്നാണ് വനപാലകർ കരുതുന്നത്.
വ്യാഴാഴ്ച രാവിലെ 7.45ടെ കുരുമ്പൻമൂഴി ജങ്ഷനിൽനിന്ന് 300 മീറ്റർ മാത്രം മാറി കൊണ്ടാട്ടുകുന്നേൽ സജുവിന്റെ റബർ തോട്ടത്തിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. ടാപ്പിങ്ങിനു പോയ എളംപ്ലാകാട്ട് വർഗീസ് ജോസഫാണ് കുട്ടിയാന കാണുന്നത്. ഉടൻ കണമല ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. റാന്നിയിൽനിന്ന് റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളും സ്ഥലത്തെത്തി കുട്ടിയാനയെ 11വരെ നിരീക്ഷിച്ചു.
പാലുകുടിക്കാതെ അവശത അനുഭവിച്ച കുട്ടിയാനയെ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നിർദേശപ്രകാരം വെച്ചൂച്ചിറ മൃഗാശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സക്കുശേഷം കരിക്കിൻ വെള്ളവും പാലും നൽകി. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കുട്ടിയാനയെ സുരക്ഷിതമായ സ്ഥലത്തേക്ക് മറ്റുമെന്ന് അറിയിച്ചു.
റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി. ദിലീപ്, കണമല ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എ. സന്തോഷ് എന്നിവർ നേതൃത്വം നൽകി. റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളും വെച്ചൂച്ചിറ മൃഗ ആശുപത്രി വെറ്ററിനറി സർജൻ ഡോ. ആനന്ദ് ആർ. കൃഷ്ണൻ എന്നിവർ പ്രാഥമിക ശുശ്രൂഷകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.