പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടതിന്റെ ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല
text_fieldsറാന്നി: മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വായ്പാ ഇടപാടുകാരന് ഇന്‍ഷുറന്‍സ് തുക നല്‍കാതെ പറ്റിച്ച സംഭവത്തില്‍ ബാങ്ക് മാനേജര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. റാന്നി കുരിയംവേലിൽ ബിനു കുട്ടൻ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനിൽ നല്കിയ പരാതിയിലാണ് ബാങ്കിനെതിരായ വിധി. 2014ൽ ബിനു റാന്നി സെൻട്രൽ ബാങ്കിൽ നിന്ന് വീടിന്റെ പുനരുദ്ധാരണത്തിന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
ബാങ്ക് തന്നെ ഈ സമയം 1,770 രൂപ വാങ്ങി വായ്പ ഇൻഷുർ ചെയ്തിരുന്നു. പ്രകൃതി ദുരന്തം ഉണ്ടായി വീടിനും മറ്റും നാശ നഷ്ടങ്ങൾ സംഭവിച്ചാൽ തുടർന്ന് വായ്പ അടക്കേണ്ടതില്ലെന്നാണ് ഇൻഷുറൻസ് വ്യവസ്ഥ. എന്നാൽ, 2018 ലെ വെള്ളപ്പൊക്കത്തിൽ പരാതിക്കാരന്റെ വീടും മറ്റും നശിച്ചുപോയ വിവരം ബാങ്കിനെ അറിയിച്ചിട്ടും ഇൻഷുറൻസ് തുക വാങ്ങി ബാക്കി വായ്പ തുക അടയ്ക്കാൻ നടപടി സ്വീകരിച്ചില്ല.
മാത്രമല്ല പരാതിക്കാരനെ ഭീഷണിപ്പെടുത്തി 2,80,000 രൂപ ബാങ്കിൽ അടപ്പിച്ച് വായ്പ അവസാനിപ്പിക്കുകയും ചെയ്തു. പരാതിക്കാരൻ ബാങ്കിൽ പലപ്രാവശ്യം ബന്ധപ്പെട്ടിട്ടും നീതി ലഭിക്കാത്തതുകൊണ്ടാണ് അവസാനം കമീഷനെ ആശ്രയിച്ചത്.
ബാങ്കുകാർ ഈ വിവരങ്ങൾ ഒന്നും ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിട്ടില്ലായെന്നാണ് ഇൻഷുറൻസ് കമ്പനി പറഞ്ഞത്. തെളിവുകളും വാദങ്ങളും പരിശോധിച്ച കമീഷൻ ബാങ്കാണ് കുറ്റം ചെയ്തത് എന്ന നിഗമനത്തിൽ എത്തി. ബാങ്ക് തന്നെയാണ് പരാതിക്കാരനെ കൊണ്ട് ഇൻഷുറൻസ് എടുപ്പിച്ചത്.
വെള്ളപ്പൊക്കത്തിൽ പരാതിക്കാരന് എല്ലാം നഷ്ടമായെന്ന് ബാങ്ക് മാനേജർ നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടും ആ വിവരം ഇൻഷുറൻസ് കമ്പനിയെ അറിയിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാൻ തയാറാകാത്തത് ഗുരുതര പിഴവാണെന്ന് കണ്ടെത്തി.
വെള്ളപ്പൊക്കത്തിനുശേഷം പരാതിക്കാരൻ ബാങ്കിൽ അടച്ച 2,80,000 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും ഉൾപ്പെടെ മൂന്ന് ലക്ഷം രൂപ പരാതിക്കാരന് ബാങ്ക് മാനേജർ നൽകണമെന്ന് വിധിക്കുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.