റാന്നിയിലെ 'യുറേനിയം' കരിമണൽ; പൊലീസിനും ആശ്വാസം
text_fieldsറഷീദ് പി.എച്ച്
റാന്നി: റാന്നിയിൽ പൊലീസിനെ രണ്ടുദിവസം വട്ടംചുറ്റിച്ച സമ്പുഷ്ട യുറേനിയം കഥക്ക് അവസാനം. ചൊവ്വാഴ്ച എറണാകുളത്തുനിന്ന് എത്തിയ ഐ.ആർ.ഇ.എൽ (ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്) വിദഗ്ധസംഘം സംഭവം കരിമണലെന്ന് സ്ഥിരീകരിച്ചതോടെയാണ് യുറേനിയം പേടി മാറിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് റാന്നിയിലെ പൊലീസിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ യുറേനിയം കഥക്ക് തുടക്കം.
കൈവശം കുറച്ച് സമ്പുഷ്ട യുറേനിയമുണ്ടെന്നും സൂക്ഷിക്കുന്നത് അപകടമാണെന്നും നിങ്ങൾ കൊണ്ടുപോകണമെന്നും വലിയകുളം സ്വദേശികളായ പ്രശാന്ത്, സുനിൽ എന്നീ യുവാക്കളാണ് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. റാന്നി പൊലീസ് യുവാക്കളുടെ വീട്ടിലെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ഒമ്പതുമാസം മുമ്പ് തമിഴ്നാട്ടിലെ കൂടങ്കുളത്തിന് സമീപത്തുനിന്നാണ് ഇത് ലഭിച്ചതെന്നും യുറേനിയമാണെന്ന സർട്ടിഫിക്കറ്റ് ഉണ്ടെന്നും യുവാക്കൾ പൊലീസിനോട് പറഞ്ഞു.
റൈസ് പുള്ളർപോലെ ഒരുസാധനം ആണിതെന്ന് പറഞ്ഞാണ് പ്രശാന്തിനും സുനിലിനും വിജയകുമാർ എന്നയാൾ ഇത് കൈമാറിയത്. ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വിജയകുമാർ പറഞ്ഞത്രേ. വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സർട്ടിഫിക്കറ്റ് ആസൂത്രണ കമീഷൻ സാക്ഷ്യപ്പെടുത്തിയതാണെന്നും തെറ്റിദ്ധരിപ്പിച്ചു. ബോംബ് സ്ക്വാഡ് കഴിഞ്ഞ ദിവസം പരിശോധിച്ച് റേഡിയേഷൻ ഇല്ലാത്ത വസ്തുവാണെന്ന് കണ്ടെത്തിയിരുന്നു. എറണാകുളത്തുനിന്നുള്ള സംഘം കരിമണലാണെന്നും കണ്ടെത്തിയതോടെ ഗ്രാമത്തിെൻറ ഭയാശങ്കകള്ക്കുമാണ് അവസാനമായത്. സ്വർണച്ചേന, ഇരുതലമൂരി തുടങ്ങിയവയുടെ പേരിലെ തട്ടിപ്പുസംഘം ആയിരിക്കും ഇവരെയും പറ്റിച്ചതെന്നാണ് നിഗമനം. കേസെടുത്ത് യുവാക്കളെ പൊലീസ് വിട്ടയച്ചു. തട്ടിപ്പ് നടത്തിയവർക്കെതിരെ അന്വേഷണം തുടരുമെന്ന് സി.ഐ കെ.എസ്. വിജയൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.