നാടൊന്നിച്ച് കൈകോർക്കുന്നു മനോജിനുവേണ്ടി
text_fieldsറാന്നി: മനോജിനുവേണ്ടി നാട് ഒന്നടങ്കം കൈകോർക്കുന്നു. കരൾരോഗം ബാധിച്ച് അതിഗുരുതരാവസ്ഥയിൽ എറണാകുളം അമൃത മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വെച്ചൂച്ചിറ കൊട്ടുപ്പള്ളിൽ മനോജിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കും ആവശ്യമായ തുക സമാഹരിക്കുന്നതിന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ രൂപവത്കരിച്ച ചികിത്സ സഹായ സമിതിയാണ് പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ചു തുക ശേഖരിക്കുന്നത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതൽ സന്നദ്ധ പ്രവർത്തകർ ഭവനങ്ങൾ സന്ദർശിച്ച് സംഭാവനകൾ സ്വീകരിക്കും. എല്ലാ വാർഡിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഇതിനായി സന്നദ്ധ പ്രവർത്തകരുടെ പ്രത്യേകം സ്ക്വാഡുകൾ രൂപവത്കരിച്ചു.വെച്ചൂച്ചിറ പോസ്റ്റ് ഓഫിസിൽ ദീർഘകാലം പോസ്റ്റ്മാനായി സേവനം ചെയ്തിരുന്ന കൊട്ടുപ്പള്ളിൽ ചന്ദ്രൻപിള്ളയുടെ മകനും വെച്ചൂച്ചിറ കവലയിലുള്ള കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനുമായ മനോജ് കഴിഞ്ഞ ഏതാനും മാസമായി കൊച്ചി അമൃത മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മനോജിന് അടുത്ത സമയത്താണ് രോഗം മൂർച്ഛിക്കുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. അതോടെ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലായി. കുടുംബാംഗങ്ങളുടെ രോഗങ്ങളും അവക്കുള്ള ചികിത്സയും മൂലം വലിയ കടബാധ്യതയിൽ കഴിയുന്ന സമയത്താണ് മനോജും രോഗബാധിതനായത്.
ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചും കടമെടുത്തുമാണ് ഇതുവരെ ചികിത്സിച്ചത്. മനോജിന്റെ സഹോദരിയുടെയോ ഭാര്യയുടെയോ കരൾ നൽകുന്നതിനുള്ള ക്രമീകരണമാണ് ചെയ്തുവരുന്നത് പരിശോധനകൾ പൂർത്തീകരിച്ചെങ്കിലും ഇതിനാവശ്യമായ പണം ഇല്ലാത്തതിനാൽ ചികിത്സ വൈകുകയാണ്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി ഏതാണ്ട് 40 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്.
അടിയന്തരമായി കരൾ മാറ്റിവെക്കൽ നടത്തിയില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ചികിത്സക്ക് നേതൃത്വം കൊടുക്കുന്ന ഡോക്ടർമാർ പറയുന്നു. വിദ്യാർഥികളായ രണ്ടു കൊച്ചുകുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ മനോജിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
ഈ കുടുംബത്തെ സഹായിക്കാനും ശസ്ത്രക്രിയക്ക് ആവശ്യമായ ധനസമാഹരണത്തിനുമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനോജ് ചികിത്സ സഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് പണിക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.വി. വർക്കി, എസ്. രമാദേവി, സജി കൊട്ടാരം, രാജി വിജയകുമാർ, ഷാജി കൈപ്പുഴ, സി.ഡി.എസ് ചെയർപേഴ്സൻ ഷീബ ജോൺസൺ, സാബു പുല്ലാട്ട്, ഡോ. മനു വർഗീസ്, എൻ. ജി. പ്രസന്നൻ, ടി. കെ. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.