റാന്നി പഞ്ചായത്ത് ഓഫിസ് പടിക്കൽ മാലിന്യം തള്ളിയയാൾ പിടിയിൽ
text_fieldsറാന്നി: റാന്നി പഞ്ചായത്ത് ഓഫീസ് പടിക്കൽ മാലിന്യം തള്ളിയയാൾ പിടിയിൽ. ഇയാൾ മാനസിക രോഗിയെന്ന് പോലീസ് പറഞ്ഞു. മാലിന്യ സംസ്കരണത്തിന് വിവിധ പുരസ്കാരങ്ങൾ ലഭിച്ച റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ഞായറാഴ്ച രാവിലെ ചപ്പുചവറുകൾ തള്ളിയത്.
ചവറുകൂന കണ്ടതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നടപടി ആവശ്യപ്പെട്ട് റാന്നി പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച തന്നെ മാലിന്യം തള്ളിയയാളെ പൊലീസ് പിടികൂടിയിരുന്നു. ഏതാനും മാസം മുമ്പ് റാന്നി വൈക്കം കുത്തുകല്ലുപടിയിൽ എസ്.എൻ.ഡി.പി മന്ദിരത്തിന്റെ കാണിക്ക വഞ്ചി തകർത്ത പ്രതിയും മാനസിക രോഗിയായിരുന്നു.
മാലിന്യ നിർമാർജനത്തിന് മുമ്പന്തിയിൽ നിൽക്കുന്ന റാന്നി ഗ്രാമപഞ്ചായത്തിന്റെ തിളക്കം കെടുത്താൻ ശ്രമമാണെന്ന് പ്രസിഡന്റ് പറഞ്ഞു. റാന്നി പഞ്ചായത്തിലെ ഹരിതകർമ സേനയുടെ നിരന്തരമായ പ്രയത്നമാണ് മാലിന്യ നിർമാർജനത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിക്കാൻ കാരണമെന്നും ഇത്തരം പ്രവർത്തനം റാന്നിക്കാരുടെ മുഖത്ത് ചെളി വാരി തേക്കുന്നതിനു തുല്യമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെ നടപ്പാതയിൽ ചപ്പുചവറുകൾ കിടക്കുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ ഓഫീസിനു മുന്നിൽ കിടന്നിരുന്ന ചപ്പുവറുകൾ വേഗം തന്നെ മാറ്റി. പരിസരത്തെ നിരീക്ഷണകാമറകൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.