മാലിന്യ വാഹിനിയായി റാന്നി വലിയതോട്
text_fieldsതോട് നവീകരണത്തിന് അങ്ങാടി പഞ്ചായത്ത് ചെറുകിട ജലസേചന വകുപ്പിന് നൽകിയ 45 ലക്ഷത്തോളം രൂപ കരാറുകാരും ഉദ്യോഗസ്ഥരും എന്തു ചെയ്തെന്നുപോലും അറിയില്ല. പഞ്ചായത്ത് നൽകിയ കത്തിന് മറുപടി പോലും നൽകാൻ മൈനർ ഇറിഗേഷൻ വകുപ്പ് എൻജിനീയർ തയാറായിട്ടില്ല
റാന്നി : മാലിന്യ വാഹിനിയായി വലിയതോടും. വലിയകാവ് തടയണക്ക് സമീപം നിറയെ മാലിന്യം അടിഞ്ഞു കൂടാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും അധികൃതർക്ക് അനക്കമില്ല.
നായയുടെ പഴുത്ത് വീർത്ത ജഡം വരെ ഇതിലുണ്ട്. നിറഞ്ഞൊഴുകുന്ന വെള്ളത്തിനു മീതെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ കൂമ്പാരം അറപ്പുളവാക്കുന്ന നിലയിൽ കിടന്നിട്ടും ആർക്കും പരാതി പോലുമില്ലാത്തതാണ് അധികൃതരുടെ മൗനത്തിന് കാരണം.
ആരോഗ്യ, ചെറുകിട ജലസേചന,തദ്ദേശ സ്വയം ഭരണ വകുപ്പ് അധികൃതരാരും തിരിഞ്ഞു നോക്കാത്ത സ്ഥിതി മറ്റൊരു ആമയിഴഞ്ചാൻ ദുരന്തം ഇവിടെ സംഭവിക്കാൻ ഇടയാക്കുമെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
വലിയകാവ് വനത്തിൽ നിന്നുത്ഭവിച്ച് പമ്പാനദിയിൽ ബോട്ടുജട്ടി കടവിൽ ചെന്നുചേരുന്ന ഏറെ പ്രാധാന്യമുള്ള തോടാണിത്.
ചിറക്കൽ പടി, പൂഴിക്കുന്ന്, ചരുവിൽ പടി, പുള്ളോലി, ചെട്ടിമുക്ക്, കാവുങ്കൽ പടി എന്നിവിടങ്ങളിലായി മറ്റു ചെറിയ തോടുകളും വലിയതോട്ടിൽ ചേരുന്നുണ്ട്. 24 മുതൽ 12 മീറ്റർ വരെ വീതിയുള്ള(വില്ലേജ് രേഖകളിൽ) വലിയ തോട് കൈയ്യേറ്റങ്ങൾ കൊണ്ട് മെലിഞ്ഞിരിക്കുകയാണ്. തോട് നവീകരണത്തിന് അങ്ങാടി പഞ്ചായത്ത് ചെറുകിട ജലസേചന വകുപ്പിന് നൽകിയ 45 ലക്ഷത്തോളം രൂപ കരാറുകാരും ഉദ്യോഗസ്ഥരും എന്തു ചെയ്തെന്നുപോലും അറിയില്ല.
പഞ്ചായത്ത് നൽകിയ കത്തിന് മറുപടി പോലും നൽകാൻ മൈനർ ഇറിഗേഷൻ വകുപ്പ് എൻജിനീയർ തയ്യാറായിട്ടില്ല. അതേസമയം വലിയ തോട് നവീകരിക്കാൻ വീണ്ടും ഒരു കോടിയോളം രൂപ എം.എൽ.എ അനുവദിച്ചിട്ടുണ്ടെന്നും പറയുന്നു.
കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ എന്ത് നവീകരണം നടത്തിയാലും പ്രയോജനകരമാകില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.