മാമ്മുക്കിന്റെ കാവൽക്കാരിയായി റാണി എന്ന വിസ്മയം
text_fieldsറാന്നി: മാമ്മുക്കിന് കാവലാളായി റാണിയെന്ന നായ് വിസ്മയമാകുന്നു. ഒന്നര പതിറ്റാണ്ടായി മാമ്മുക്കിലെത്തുന്നവർക്ക് സുപരിചിതയാണ് റാണി. മൂഴിക്കൽ എം.സി ടവറിലാണ് വാസം. ഈ കെട്ടിടസമുച്ചയവും എതിർവശത്തെ വ്യാപാരസ്ഥാപനങ്ങളും സസൂക്ഷ്മം വീക്ഷിച്ചു കഴിയും. തെരുവുനായ്ക്കളുമായി ചങ്ങാത്തം കൂടാറേയില്ല. തൊട്ടടുത്ത് പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ തെരുവുനായ്ക്കൂട്ടം തമ്പടിച്ചിരുന്നപ്പോൾ അവൾ അവരിൽനിന്ന് അകലം പാലിച്ച് കഴിഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അലക്ഷ്യമായോ സംശയകരമായോ റോഡിലൂടെ പോലും ആരെങ്കിലും പോയാൽ നിർത്താതെ കുരക്കും. മറ്റ് നായ്ക്കളെയോ സംശയം തോന്നുന്നവരെയോ തന്റെ പരിധിയിൽ പ്രവേശിപ്പിക്കില്ല. എന്നാൽ, യാത്രക്കാരോടോ കടകളിലും സ്ഥാപനങ്ങളിലും വരുന്നവരോടോ ഒരു ശല്യവുമില്ല.
ഭക്ഷണത്തിനായി കൃത്യസമയങ്ങളിൽ ലഭിക്കുന്നിടത്ത് അവളുണ്ടാകും. കെട്ടിട സമുച്ചയത്തിലെ ബാങ്കുകളിലെ സെക്യൂരിറ്റി ജീവനക്കാർക്കാണ് ഈ നായെക്കൊണ്ട് ഏറെ പ്രയോജനം. രാത്രി കണ്ണും കാതും കൂർപ്പിച്ച് അവൾ എപ്പോഴുമുണ്ടാകും. എ.ടി.എം കൗണ്ടറുകളിൽ പൊലീസെത്തി രജിസ്റ്ററിൽ ഒപ്പുവെച്ചിരുന്ന കാലത്ത് പാതിരാകഴിഞ്ഞ് പൊലീസ് ജീപ്പെത്തുമ്പോൾ അവൾ ഓടി മുകളിലത്തെ നിലയിലെത്തി സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചുണർത്തുക പതിവായിരുന്നു.
വെള്ളപ്പൊക്കവും കോവിഡ് കാലവും അതിജീവിച്ച കഥകളും റാണിക്ക് സ്വന്തം. 2018ലെ മഹാപ്രളയത്തിൽ കെട്ടിടത്തിനു മുകളിൽ അവൾ ഒരാഴ്ച ഒറ്റപ്പെട്ടുപോയി. കൊറോണ കാലത്ത് വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നപ്പോഴും ഒറ്റപ്പെടലുണ്ടായി.പക്ഷേ, ആസ്ഥാനം വിട്ടുപോയില്ല. വന്ധ്യംകരണത്തിനായി അധികൃതർ പിടികൂടിയപ്പോൾ സംരക്ഷകരുടെ ഏക ആവശ്യം ഇവളെ തിരികെ എത്തിച്ചുനൽകണമെന്നായിരുന്നു.
രണ്ടാഴ്ചക്കുശേഷം ബന്ധപ്പെട്ടവർ തിരികെയെത്തിച്ചപ്പോൾ ഓരോ വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിലും വന്ന് കരഞ്ഞ് തിരികെ വന്നതിന്റെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. പഴയകാലങ്ങളിൽപോലും ഭക്ഷണം നൽകുകയും കരുതുകയും ചെയ്തവരെ കണ്ടാൽ തിരിച്ചറിഞ്ഞ് കാൽക്കൽ മുട്ടിയുരുമ്മി ശീൽക്കാര സ്വരമുയർത്തുന്ന ഓർമശക്തിക്കുടമയുമാണ്. ബസ് സ്റ്റോപ്പിൽ കടകൾക്കു മുന്നിൽ വിശ്രമിക്കുക പതിവാണ്. പക്ഷേ, ആരെയും ഉപദ്രവിച്ചിട്ടില്ല. അപരിചിതർ നൽകുന്ന ഭക്ഷണസാധനങ്ങൾ കഴിക്കാറുമില്ല.15 വയസ്സോളമെത്തിയതിന്റെ ശാരീരിക ദൗർബല്യത്തിലും ശൗര്യം ഒഴിയാതെ തന്റെ സേവനരംഗത്ത് കർമനിരതയാണ് ഇന്നും റാണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.