അംഗൻവാടിക്ക് ഭീഷണിയായ മരം മുറിച്ചു മാറ്റുന്നില്ല; ഒറ്റയാൾ സമരവുമായി പ്രദേശവാസിയുടെ പ്രതിഷേധം
text_fieldsറാന്നി: അംഗൻവാടിക്ക് ഭീഷണിയായ മരം മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസിയുടെ ഒറ്റയാൾ സമരം ശ്രദ്ധേയമായി. വായും മുഖവും തുണികൊണ്ട് മൂടിക്കെട്ടി നെഞ്ചത്തും പുറത്തും പ്ലക്കാർഡുകൾ കെട്ടി വെച്ച് അധികൃതരുടെ കണ്ണു തുറപ്പിക്കാൻ റാന്നി ടൗണിൽ കൂടി നടന്നുനീങ്ങിയ പുതുശ്ശേരിമല തേവര തുണ്ടിയിൽ രാജൻ നടത്തിയ ഒറ്റയാൾ സമരം വേറിട്ടതായി. പുതുശ്ശേരിമല എട്ടാം വാർഡിലെ 16ാം നമ്പർ അംഗൻവാടിയോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെയായിരുന്നു സമരം. അധ്യയന വർഷം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും മരം മുറിച്ചുമാറ്റാൻ നടപടിയായിട്ടില്ല. ചോർന്നൊലിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും ഇതുവരെ നടത്തിയിട്ടില്ല. കാടുകയറിയ പരിസരം ഇഴജന്തുക്കളുടെ താവളമായി.
സമര ശേഷം പരാതികൾ രേഖാ മൂലം പഞ്ചായത്ത് അധികൃതർക്ക് നൽകിയതായി രാജൻ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരമുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് രാജൻ മടങ്ങിയത്. അതേസമയം മരം നീക്കം ചെയ്യണമെങ്കിൽ വനം വകുപ്പ് വില തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും ലേലം ചെയ്യാനുള്ള നിയമപരമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.