കടുവ ഭീഷണി: പെരുനാട്, ബഥനി, പുതുവേൽ മേഖലകളിലെ കാട് തെളിക്കും
text_fieldsറാന്നി: കടുവ ഭീഷണി നേരിടുന്ന പെരുനാട്, ബഥനി, പുതുവേൽ മേഖലകളിൽ തിങ്കളാഴ്ച മുതൽ തോട്ടങ്ങളിലെ കാട് തെളിക്കാൻ തീരുമാനമായി. വന്യമൃഗ ഭീഷണിയുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എ വിളിച്ച ജനപ്രതിനിധികളുടെയും വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
റബർ തോട്ടങ്ങൾ കാടെടുക്കാതെ കിടക്കുന്നതിനാലാണ് കാട്ടുമൃഗങ്ങൾ മിക്കവയും നാട്ടിൻ പ്രദേശങ്ങളിലേക്ക് ഇറങ്ങിയതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കടുവ പശുവിനെ പിടിച്ച ഭാഗങ്ങളിലെ കാട് എടുക്കുന്നതിന് വനം വകുപ്പ് നേതൃത്വം നൽകും. മറ്റു തോട്ടങ്ങളിലെ കാട് നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇവിടങ്ങൾ വലിയ തോതിൽ കാടുപിടിച്ച് കിടക്കുകയാണ്. കോട്ടമല എസ്റ്റേറ്റ്, ഗേവ എസ്റ്റേറ്റ്, കാർമൽ, ബഥനി എന്നിവ ഉൾപ്പെടെയുള്ള തോട്ടങ്ങൾ ഇതിൽപെടും. ഇവിടങ്ങളിലെ കാട് നീക്കം ചെയ്യാൻ ഒരാഴ്ച മുമ്പ് സ്ഥലം ഉടമകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമകൾ കാട് നീക്കാമെന്ന് ഉറപ്പു നൽകിയിരിക്കുന്നത്. ഞായറാഴ്ച അതത് ഭാഗങ്ങളിൽ പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, വനം വകുപ്പ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ജനകീയ യോഗങ്ങൾ വിളിക്കും.
തുടർന്ന് ചൊവ്വാഴ്ചയും പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. കടുവ ഭീഷണിയുള്ള പ്രദേശങ്ങളിൽ വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിക്കാനും തീരുമാനമായി. വടശ്ശേരിക്കരയിലെ കാട്ടാന ശല്യം നേരിടാനായി അടിയന്തര പ്രാധാന്യത്തോടെ തിങ്കളാഴ്ച മുതൽ പേഴുംപാറ-ചിറക്കൽ, ബൗണ്ടറി ഭാഗത്ത് രണ്ടു കി.മീ ദൂരത്തിൽ സോളാർ വേലി സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ ജയകുമാർ ശർമ അറിയിച്ചു. വടശ്ശേരിക്കര ടൗണിനോട് ഏറ്റവും അടുത്ത ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ഇറങ്ങിയിരുന്നു. ടൗണിൽ ഇറങ്ങിയാൽ സ്ഥിതി ഇതിലും ഗുരുതരമാകും. ഈ സാഹചര്യം കണക്കിലെടുത്താണ് നടപടി.
പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ഡി.എഫ്.ഒ ജയകുമാർ ശർമ, തഹസിൽദാര് പി.ഡി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.