ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ആൽക്കോ സ്കാൻ വാൻ
text_fieldsറാന്നി: മദ്യപിച്ചും ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ആധുനിക സൗകര്യങ്ങളോടുകൂടി ആൽക്കോ സ്കാൻ വാഹനം റാന്നിയിൽ എത്തി. കേരള പൊലീസ് റോട്ടറി ഇൻറർനാഷനലുമായി സഹകരിച്ചാണ് ഈ സംരംഭം ആരംഭിച്ചത്.
അമേരിക്കൻ മൾട്ടിനാഷനൽ മെഡിക്കൽ ഡിവൈസസ് ഹെൽത്ത് കെയർ കമ്പനിയുടെ അബോട്ട് എന്ന പേരിലെ യന്ത്രം ആണ് വാനിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെയും പിടികൂടാനുള്ള അത്യാധുനിക മെഷീനുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി സംശയം തോന്നുന്ന ആളുകളെ വാനിൽ എത്തിച്ച് ഉമിനീർ എടുത്ത് പരിശോധന നടത്തി സ്ഥിരീകരിക്കുന്ന രീതിയാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചുമിനിറ്റിൽ പരിശോധനഫലം പ്രിൻറ് എടുക്കാൻ കഴിയും എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞാൽ ഉടൻ നടപടി സ്വീകരിക്കും. അതിന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനുമായി ഇവരെ എത്തിക്കും. സംസ്ഥാന പൊലീസ് പരീക്ഷണാർഥം ഇറക്കിയ ഈ ആധുനിക രീതിയിലുള്ള വാഹനവും വാഹനത്തിലെ സജ്ജീകരണങ്ങളും തുടക്കത്തിൽ തന്നെ ഫലം കണ്ടു എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ, കേരളത്തിൽ ഇപ്പോൾ നിലവിൽ ഇത്തരത്തിൽ ഒരു വാഹനമേ ഉള്ളൂ. വരും മാസങ്ങളോടെ എല്ലാ ജില്ലയിലും ഇത്തരം സൗകര്യങ്ങളോടുകൂടി ആൽക്കോ സ്കാൻ വാഹനം എത്തും. മദ്യത്തിന് പുറമെ മറ്റ് ലഹരി വസ്തുക്കളും കേരളത്തിൽ വ്യാപകമായതോടെ പൊലീസിന്റെ ഈ പരീക്ഷണം വിജയിച്ചതായാണ് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നത്. വരും ദിവസങ്ങളിൽ ജില്ലയുടെ എല്ലാ സ്റ്റേഷൻ പരിധിയിലും വാഹനം എത്തിച്ച് പരിശോധന നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രീത്ത് അനലൈസറുകളാണ് പൊലീസ് സാധാരണ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.