ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽ ജീവൻ വേണേൽ ഓടിക്കോ
text_fieldsറാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ്സ്റ്റാന്‍ഡിൽ ഗതാഗത നിയമലംഘനങ്ങൾ തുടരുന്നു. വ്യാഴാഴ്ച രാവിലെ സ്റ്റാന്‍ഡിലൂടെയെത്തിയ പിക്അപ് വാനിടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ നടപടിയെടുക്കാത്ത പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനമുണ്ടായി. സമീപത്തെ വ്യാപാരിയുടെ പിക്അപ് വാന്‍ പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളും സ്റ്റാന്‍ഡിലൂടെയെത്തുന്ന മറ്റു വാഹനങ്ങളുടെയും ഇടയിലൂടെ യാത്രക്കാര്‍ ജീവന്‍ രക്ഷിക്കാന്‍ ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ്. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്തമില്ലായ്മയാണ് പ്രധാന പ്രശ്നം. റാന്നിക്ക് സ്വന്തമായി ഡിവൈ.എസ്.പി ഓഫിസ് ലഭിച്ചപ്പോള്‍ നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗതസംവിധാനത്തിന് അറുതിവരുമെന്ന് കരുതിയവര്‍ നിരാശരാണ്. ബസ്സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോകളും പാര്‍ക്ക് ചെയ്യുകയാണ്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിങ്ങിനായി കണ്ടെത്തുന്നത് ബസ്സ്റ്റാന്‍ഡാണ്. രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്ക് ചെയ്തശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നവരുമുണ്ട്. രാത്രിയോടുകൂടി മാത്രമേ ഈ വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റുകയുള്ളൂ.ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുമ്പോൾ മറ്റു ബസുകള്‍ കടന്നുവരുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.
പലപ്പോഴും അപകടത്തില്‍നിന്ന് തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ഒരു വഴിയിലൂടെ ബസുകള്‍ക്ക് കയറാനും മറുവഴിയിലൂടെ ഇറങ്ങാനുമായി ഉണ്ടായിരുന്ന തീരുമാനം ലംഘിച്ച് ബസുകള്‍ തലങ്ങും വിലങ്ങും പായുകയാണ്. നഗരത്തില്‍ ട്രാഫിക് പൊലീസ് യൂനിറ്റ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.