പോളിങ് ശതമാനം കുറഞ്ഞത് റാന്നിയിൽ യു.ഡി.എഫിനെ ഏശിയില്ല
text_fieldsറാന്നി: വോട്ടിങ് ശതമാനം കുറഞ്ഞിട്ടും റാന്നിയിൽ ഇത്തവണയും മെച്ചപ്പെട്ട പ്രകടനം യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി കാഴ്ചവെച്ചു. വോട്ടിങ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വർധിച്ചു. റാന്നിയിൽ ആന്റോ ആന്റണിക്ക് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാളും ഭൂരിപക്ഷം ഇക്കുറി ലഭിച്ചു. 9597 വോട്ടു കളുടെ ഭൂരിപക്ഷമാണ് റാന്നിയിലെ 202 ബൂത്തുകളിൽനിന്നായി ലഭിച്ചത്.
കാൽനൂറ്റാണ്ടോളം നിയമസഭാ അംഗമായിരുന്ന സി.പി.എം സംസ്ഥാന സമിതി അംഗം രാജു എബ്രഹാമിന് സ്ഥാനാർഥിത്വം നൽകാത്തതിലെ അതൃപ്തി മണ്ഡലത്തിലെ എൽ.ഡി.എഫ് അണികളിൽ പ്രകടമായിരുന്നു.
ഫലപ്രഖ്യാപനത്തിന് ശേഷം പൊട്ടിത്തെറിയിലേക്ക് നീങ്ങിയിട്ടുണ്ട്. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷവും യു.ഡി.എഫിന് അനൂകൂല നിലപാട് സ്വീകരിച്ചു. കഴിഞ്ഞ് മൂന്ന് പ്രാവശ്യവും പ്രതീക്ഷിച്ചതുപോലെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന ആരോപണം ആന്റോ ആന്റണിക്കെതിരെ ശക്തമായിട്ടും കേന്ദ്രത്തിലെ സംഘ്പരിവാർ സർക്കാരിനെതിരായ വിധി എഴുത്തായിട്ട് വേണം കരുതാൻ. 2014ൽ റാന്നി മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ നിന്നായി 9,091 വോട്ടുകളുടെ ഭൂരിപക്ഷവും 2019ൽ 7,824 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് ലഭിച്ചിരുന്നത്. 2009ലെ ആദ്യ മത്സരത്തിൽ 15,696 വോട്ടുകളുടെ ഭൂരിപക്ഷം ആന്റോ നേടിയിരുന്നു.2019ൽ ആന്റോ ആന്റണിക്ക് 50,755 വോട്ടും എൽ.ഡി.എഫിലെ വീണ ജോർജിന് 42,931 വോട്ടും എൻ. ഡി.എയിലെ കെ.സുരേന്ദ്രന് 39,560 വോട്ടും ലഭിച്ചിരുന്നു. ഇത്തവണ ആന്റോ ആന്റണിക്ക് 46,594 വോട്ടും തോമസ് ഐസക്കിന് 36997 വോട്ടും അനിൽ ആന്റണിക്ക് 30758 വോട്ടുമാണ് ലഭിച്ചത്.
പൂഞ്ഞാറിൽ വോട്ടും കുറഞ്ഞു; ഭൂരിപക്ഷവും
പൂഞ്ഞാർ: ഭൂരിപക്ഷം കുറഞ്ഞെങ്കിലും യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ച് പൂഞ്ഞാർ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ 5319 വോട്ടിന്റെ ഇടിവാണ് ആന്റോ ആന്റണിക്ക് പൂഞ്ഞാറിലുണ്ടായത്. ഇത്തവണ ആന്റോ 12610 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് പൂഞ്ഞാറിലായിരുന്നു-17,929. ഇതാണ് 12610 ആയത്. കേരളത്തിൽ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങെന്നും ഇതിന്റെ പ്രതിഫലനമാണ് ഭൂരിപക്ഷത്തിലുണ്ടായതെന്നുമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
വോട്ടിന്റെ എണ്ണത്തിലും വലിയ തോതിൽ കുറവുണ്ടായി. 2019ൽ പൂഞ്ഞാറിൽ 61530 വോട്ടുകൾ നേടിയെങ്കിൽ ഇത്തവണ 51932 വോട്ടായി കുറഞ്ഞു. എൽ.ഡി.എഫ്, എൻ.ഡി.എ വോട്ടുകളിലും കുറവുണ്ട്. കഴിഞ്ഞതവണ 43601 വോട്ടായിരുന്നു എൽ.ഡി.എഫിന് ലഭിച്ചത്. എൻ.ഡി.എക്ക് 30990 വോട്ടും.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ ആറന്മുള കഴിഞ്ഞാല്‍ ആന്റോ ഏറ്റവും കൂടുതല്‍ ലീഡ് നേടിയത് പൂഞ്ഞാറിലാണ്ഒരു മുനിസിപ്പാലിറ്റിയും ഒമ്പത് പഞ്ചായത്തും അടങ്ങിയ പൂഞ്ഞാറില്‍ പൂഞ്ഞാര്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന് നേരിയ ലീഡ് നേടാനായത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്നു. ഇത്തവണ എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. കേരള കോൺഗ്രസ്(എം) എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ മണ്ഡലത്തിന്റെ സ്വഭാവം മാറിയെന്നും ഇടത്നേതാക്കൾ അവകാശപ്പെട്ടിരുന്നു. പൂഞ്ഞാറിൽ ഇടത് എം.എൽ.എയുള്ളതും ആത്മവിശ്വാസം പകർന്നിരുന്നു. എന്നാലിതൊന്നും വിലപ്പോയില്ലെന്നാണ് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്.
കോൺഗ്രസ് നേതൃത്വത്തിനും ഫലം ആശ്വാസമായി. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലർ ആന്റോ ആന്റണിക്കെതിരായ നിലപാട് സ്വീകരിക്കുമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും പ്രതിഫലനമുണ്ടായില്ല. എന്‍.ഡി.എ.സ്ഥാനാർഥിയായുള്ള അനില്‍ ആന്റണിയുടെ വരവും യു.ഡി.എഫിനെ ബാധിച്ചില്ല.
ആന്റോ ആന്റണിയേക്കാൾ 24000 ഓളം വോട്ടുകളുടെ കുറവാണ് എന്‍.ഡി.എക്ക്ഉണ്ടായത്. 2019ലും ഇത്തവണയും പി.സി. ജോര്‍ജിന്റെ കരുത്ത് കൂടി പ്രതീക്ഷിച്ചാണ് ബി.ജെ.പി കളത്തിലിറക്കിയത്. എന്നാല്‍, ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ 3937 വോട്ട് പൂഞ്ഞാറില്‍ കുറഞ്ഞു. ഇത് ജോർജിനും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.